60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും കാണാനില്ല !
Mail This Article
മഞ്ചേരി∙പയ്യനാട് കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലാണു വെള്ളവും റിങ്ങുകളും അപ്രത്യക്ഷമായത്. തൽസ്ഥാനത്തു മണ്ണ് നിറഞ്ഞനിലയിലാണ്. കഴിഞ്ഞ ദിവസം വീട്ടുകാർ രാവിലെ വെള്ളമെടുക്കാൻ നോക്കിയപ്പോഴാണ് വെള്ളവും റിങ്ങുകളും കാണാതായത് ശ്രദ്ധയിൽപെട്ടത്.
വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടർ ഭൂമിക്കടിയിൽപെട്ടു. ഏതു വേനലിലും വറ്റാത്ത കിണർ ആണ്. സമീപവീട്ടുകാരും ഈ കിണറിനെ ആശ്രയിച്ചിരുന്നു. സംഭവത്തിനു മുൻപ് കിണറ്റിൽ ഒരു മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്നു. കിണറിന് ഏകദേശം 30 വർഷം പഴക്കമുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് നിലവിൽ വീട്ടുകാർ ആശ്രയിക്കുന്നത്. റവന്യു വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചു. ജിയോളജി വിഭാഗത്തിനു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.