അണ്ണാക്കിലെ മുറിവ് തുന്നാൻ അനസ്തീസിയ നൽകി; നാലു വയസ്സുകാരൻ മരിച്ചു
Mail This Article
കൊണ്ടോട്ടി ∙ അണ്ണാക്കിൽ കമ്പ് കുത്തിയുണ്ടായ മുറിവിനു ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരൻ മരിച്ചു. ആശുപത്രി അധികൃതരുടെ പിഴവെന്നു ബന്ധുക്കൾ ആരോപിച്ചു. അരിമ്പ്ര കൊടക്കാടൻ നിസാറിന്റെയും സൗദാബിയുടെയും ഏകമകൻ മുഹമ്മദ് ഷാസിൽ (4) ആണു മരിച്ചത്. കളിക്കുന്നതിനിടെ ചെറിയ കമ്പ് തട്ടി അണ്ണാക്കിൽ മുറിവുണ്ടായ കുട്ടിയെ ഇന്നലെ വൈകിട്ടു നാലോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില, അനസ്തീസിയ നൽകിയ ശേഷം വഷളാകുകയയിരുന്നു. വൈകിട്ട് ആറോടെ മരിച്ചു.
മുറിവു തുന്നാൻ കുട്ടി വായ തുറന്നുപിടിക്കണം എന്നതിനാലാണ് അനസ്തീസിയ നിർദേശിച്ചതെന്നും ചെറിയ രീതിയിൽ അനസ്തീസിയ നൽകിയപ്പോൾതന്നെ സ്ഥിതി വഷളായതോടെ, രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും കൊണ്ടോട്ടി മേഴ്സി ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, ആശുപത്രിയിലെ ചികിത്സപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ചു ബന്ധുക്കൾ ബഹളംവച്ചതോടെ പൊലീസ് സ്ഥലത്തെത്തി. കുട്ടിക്കു മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മുറിവു കാരണം ഭക്ഷണം കഴിക്കാനുള്ള പ്രയാസമുണ്ടായപ്പോൾ ചികിത്സ തേടുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി കൊണ്ടോട്ടി സിഐ എ.ദീപകുമാർ അറിയിച്ചു.