ADVERTISEMENT

മലപ്പുറം ∙ തായ്‌ലൻഡിൽ വൻ സ്വീകരണം; മ്യാന്മറിലെത്തിയപ്പോൾ തടറവയ്ക്കു സമാനമായ നാളുകൾ. ആഘോഷത്തിനുള്ള സൗകര്യമെല്ലാം മുൻപിലുണ്ടായിരിക്കേ ദുരിതജീവിതം നയിക്കേണ്ടി വന്ന അനുഭവമാണ് ചൈനീസ് സംഘത്തിന്റെ ജോലിത്തട്ടിപ്പിൽ കുടുങ്ങി രക്ഷപ്പെട്ട മഞ്ചേരി സ്വദേശി സഹീർ അനസ് (27) പങ്കുവച്ചത്. ഗൾഫിൽനിന്നു മടങ്ങിയ ശേഷം നാട്ടിലൊരു തുണിക്കടയിൽ ജോലി ചെയ്യുന്ന കാലത്താണ് തായ്‌ലൻഡിലെ ‘കോൾ സെന്റർ’ ജോലിയെക്കുറിച്ച് അറിഞ്ഞത്.

ദുബായിൽ ജോലി ചെയ്ത ചൈനീസ് കമ്പനിയിലെ പരിചയക്കാരനാണ് ബന്ധപ്പെടാനുള്ള ടെലഗ്രാം നമ്പർ തന്നത്. അങ്ങനെയാണ് കമ്പനിയുടെ എച്ച്ആർ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടാനുള്ള ആളുമായി ചാറ്റ് ചെയ്തു തുടങ്ങിയത്. ഇംഗ്ലിഷ് കൈകാര്യം ചെയ്യാനറിയണം, ടൈപ്പിങ്ങിന് വേഗം വേണം. ഇതായിരുന്നു യോഗ്യത. 1000 ഡോളർ ശമ്പളം കിട്ടുമെന്ന് കേട്ടപ്പോൾ നല്ല ഓഫറെന്നു തോന്നി. എങ്കിലും സംശയങ്ങളുണ്ടായിരുന്നു. ഓരോന്ന് ചോദിച്ചു തീർത്തതോടെയാണു പോകാൻ വഴിയൊരുങ്ങിയത്.

പാസ്പോർട്ട് ടാക്സിക്കാരൻ വാങ്ങി
∙ ‘ജോലി’ക്ക് തായ്‌ലൻഡിലെ ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ ആളെത്തി. വെരിഫിക്കേഷനെന്ന പേരിൽ പാസ്പോർട്ട് ടാക്സിക്കാരൻ വാങ്ങിവച്ചു. അവിടെനിന്ന് മ്യാൻമർ അതിർത്തിയിലെ പുഴയ്ക്കരികിലെത്തിച്ചു. പിന്നീടു തോണിയിലായിരുന്നു യാത്ര. വീണ്ടും മറ്റൊരു വാഹനത്തിൽ തോട്ടങ്ങളും മറ്റും കടന്നുപോയി. ഒടുവിൽ തോക്കടക്കം പൂർണ സന്നാഹങ്ങളുമായി സൈനിക വേഷത്തിൽ വന്ന സംഘത്തിനൊപ്പം മറ്റൊരു വാഹനത്തിൽ.

അങ്ങനെ മ്യാൻമറിലെ കാടിനുള്ളിലെ മതിൽക്കെട്ടിലിനകത്തെ രഹസ്യകേന്ദ്രത്തിലെത്തി. ഫോൺ അവിടെ ഒരു മുറിയിൽ പൂട്ടിവയ്പിച്ചു. അതായിരുന്നു തുടക്കം. ‘ജോലിക്കുള്ള’ പരിശീലനവുമുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ കണ്ടെത്തി ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നു ജോലി. ഇതോടെയാണു തട്ടിപ്പാണെന്നു മനസ്സിലായത്. അമേരിക്കക്കാരെയാണ് ടാർഗറ്റ് ചെയ്യാൻ ലഭിച്ചത്. 12 മണിക്കൂറായിരുന്നു പരിശീലനം. ജോലി 20 മണിക്കൂർ വരെയുണ്ടാകും. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ഉറങ്ങാൻ പോലും സമ്മതിക്കാതെ പീഡനം.

എതിർത്താൽ മർദനം
∙ ഫോൺ ചെയ്യാൻ അനുവദിക്കില്ല. ഒരു സിം തരും. അതുവഴി വീട്ടുകാരുമായി കുറഞ്ഞ സമയം ചാറ്റ് ചെയ്യാം. ബാസ്കറ്റ് ബോൾ കോർട്ടാണ് ആകെയുള്ള ആശ്വാസം. പബ്ബും ബാറുമൊക്കെ ഉണ്ടെങ്കിലും ആഴ്ചയിൽ 2 മണിക്കൂർ ഉപയോഗിക്കാം. പണം കൊടുക്കണം. 3 ദിവസം ബന്ധപ്പെടാൻ പറ്റാതെ വന്നതോടെ കാര്യങ്ങൾ വീട്ടുകാരോടു പറയേണ്ടിവന്നു.   സംഘത്തെ എതിർത്താൽ മർദനമടക്കമുണ്ടാകുമെന്നു മറ്റുള്ളവർ മുന്നറിയിപ്പ് തന്നിരുന്നു. 1,500 പേരെങ്കിലും സമാന രീതിയിൽ അവിടെയുണ്ടായിരുന്നു. 5 മാസത്തോളം ജോലി ചെയ്ത പെരിന്തൽമണ്ണക്കാരനെ അവിടെവച്ചു പരിചയപ്പെട്ടു.

ഇതിനിടെയാണു സംഘം നിർദേശിക്കുന്ന പണം നൽകിയാൽ രക്ഷപ്പെടാൻ വഴിയുണ്ടെന്നറിഞ്ഞത്. അങ്ങനെയാണു പിതാവ് വഴി നാട്ടിൽനിന്നു കടം വാങ്ങി 3.50 ലക്ഷം ക്രിപ്റ്റോ കറൻസി വഴി അയച്ചുകൊടുത്തത്.  എന്നാൽ, തായ്‌ലൻഡിലെത്തിക്കണമെങ്കിൽ വീണ്ടും കാശ് നൽകണമെന്നാവശ്യപ്പെട്ടു. നേരത്തേ പരിചയപ്പെട്ട ആലപ്പുഴക്കാരനടക്കം സഹായിച്ചാണ് ആ തുക സംഘടിപ്പിച്ചു നൽകിയത്.  പിന്നീടു പാസ്പോർട്ട് തരാനും പണം വേണമെന്നാവശ്യപ്പെട്ടെങ്കിലും നയത്തിൽ വാങ്ങിയെടുത്തു. ആലപ്പുഴയിൽ നിന്നുള്ള മറ്റൊരാൾക്കു പാസ്പോർട്ട് ലഭിക്കാത്തതിനാൽ ഇന്ത്യൻ എംബസിയെ സമീപിച്ചാണു രക്ഷപ്പെട്ടതെന്നു പിന്നീടറിഞ്ഞു. ജോലിത്തട്ടിപ്പിനിരയായതിനു പുറമേ കടവും വർധിച്ചു. കൂലിപ്പണി ചെയ്താണ് ഇപ്പോഴത്തെ ജീവിതമെന്നും സഹീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com