വോട്ട് 6 ലക്ഷം+ ഭൂരിപക്ഷം 3 ലക്ഷം+ ഇ.ടി.വെട്ട് ജയം
Mail This Article
മലപ്പുറം ∙ 3,00,118! ഒരു മുസ്‌ലിം ലീഗ് സ്ഥാനാർഥി കേരള ചരിത്രത്തിൽ നേടിയ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണു മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിന്റെ വിജയം. കേരളത്തിൽ, ഒരു മലയാളി സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷവും. രാഹുൽ ഗാന്ധിയുടെ 2 തവണകളിലെയും നേട്ടം കഴിഞ്ഞാൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. മലപ്പുറം മണ്ഡലത്തിൽ 2019ലെ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ 2.60 ലക്ഷം ഭൂരിപക്ഷത്തിന്റെ റെക്കോർഡാണ് ഇ.ടി ഇത്തവണ സ്വന്തം പേരിലാക്കിയത്.
മലപ്പുറം മണ്ഡലത്തിൽ ആദ്യമായി 6 ലക്ഷത്തിലേറെ വോട്ട് നേടിയ സ്ഥാനാർഥിയെന്ന റെക്കോർഡും ഇനി ഇ.ടിക്കു സ്വന്തം. ആകെ 6,44,006 വോട്ടുകൾ നേടിയപ്പോൾ ഇ.ടി മറികടന്നതു കുഞ്ഞാലിക്കുട്ടി 2019ൽ നേടിയ 5,89,873 വോട്ടെന്ന നേട്ടമാണ്. 2021ലെ ഉപതിരഞ്ഞെടുപ്പിൽ എം.പി.അബ്ദുസ്സമദ് സമദാനി നേടിയത് 5,38,248 വോട്ടുകളാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് ലീഡ് വലിയ തോതിൽ നിലനിർത്തിയാണ് ഇ.ടിയുടെ വിജയവും.
തുടക്കം മുതലേ ലീഡ്, പിന്നെ ‘അടിയോടടി’
∙ വോട്ടെടുപ്പു കഴിഞ്ഞ ശേഷമുള്ള വിലയിരുത്തൽ ചോദിച്ചപ്പോഴൊക്കെ റെക്കോർഡ് വിജയം നേടുമെന്ന് ഇ.ടി ആവർത്തിച്ചിരുന്നു. എന്നാൽ, 2019നെക്കാൾ വലിയ വിജയം നേടുമോയെന്നത് ആകാംക്ഷയായി തുടർന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഇ.ടി ലീഡ് പിടിച്ചിരുന്നു. ഉച്ചയ്ക്ക് 2.30 ആയപ്പോഴേക്ക്, 2019ലെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മറികടന്നു. പിന്നെ വോട്ടെണ്ണലിന് അൽപം വേഗം കുറഞ്ഞു. വൈകിട്ട് 5ന് 3 ലക്ഷവും കടന്നു പുതിയ റെക്കോർഡിലേക്ക്.
നാടിന്റെ ഇ.ടി
കൊണ്ടോട്ടി ∙ വാഴക്കാട് മപ്രത്തെ വീട്ടിൽനിന്നു രാവിലെ എട്ടരയോടെ മലപ്പുറം ആലത്തൂർപടിയിലെ സഹോദരിയുടെ വീട്ടിലേക്കിറങ്ങുമ്പോൾ, ഇ.ടി.മുഹമ്മദ് ബഷീറിന്റെ മനസ്സിൽ ഭൂരിപക്ഷത്തിന്റെ ഏകദേശ കണക്കുണ്ടായിരുന്നു. വൈകിട്ടോടെ, ആ കണക്കുകളെല്ലാം മറികടന്നു മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ പുതിയ റെക്കോർഡ് കുറിച്ചു. മുൻ തിരഞ്ഞെടുപ്പുകൾ പോലെ ആയിരുന്നില്ല ഇത്തവണ. സ്വന്തം മണ്ഡലത്തിൽനിന്നുള്ള ആദ്യ മത്സരം.
സ്വന്തം പേരിനു നേരെ വോട്ട് ചെയ്യാൻ അവസരം ലഭിച്ച ആദ്യ തിരഞ്ഞെടുപ്പ്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തിനിടയിൽ സ്വന്തം നാട്ടിൽ മത്സരിക്കാനുള്ള നിയോഗം ഇതാദ്യമായിരുന്നു. മുസ്‌ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി കൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ 2009, 2014, 2019 വർഷങ്ങളിൽ പൊന്നാനിയിൽനിന്നാണു മത്സരിച്ചത്. 1985ൽ പെരിങ്ങളം നിയോജക മണ്ഡലത്തിൽനിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇ.ടിയുടെ തുടക്കം. 1991 തിരൂരിൽ നിന്നു നിയമസഭയിലേക്കു ജയിച്ചു വിദ്യാഭ്യാസമന്ത്രിയായി. 1996, 2001 വർഷങ്ങളിലും തിരൂരിൽനിന്നു നിയമസഭയിലെത്തി.
ഇന്നലെ ഫലം വന്നപ്പോൾ വിജയത്തിന് ഇരട്ടിമധുരവും ഭൂരിപക്ഷക്കണക്കിൽ റെക്കോർഡിന്റെ ഇടിമുഴക്കവും. കേരള ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് ഇ.ടിയുടേത് (3,00,118). സ്വന്തം ബൂത്തിലും നിയോജക മണ്ഡലത്തിലും ലഭിച്ചതും റെക്കോർഡ് ഭൂരിപക്ഷം. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ (44,987). ഇ.ടി.മുഹമ്മദ് ബഷീർ വോട്ട് ചെയ്ത മപ്രത്തെ ബൂത്ത് നമ്പർ 42ൽ 668 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. നിയോജക മണ്ഡലത്തിലെ 171 ബൂത്തുകളിൽ കൂടുതൽ ഭൂരിപക്ഷമുള്ള രണ്ടാമത്തെ ബൂത്താണിത്.