ADVERTISEMENT

തിരൂർ ∙ വിദ്യാർഥികൾക്ക് യൂണിഫോം തയ്പ്പിക്കാൻ സർക്കാർ വിതരണം ചെയ്യുന്ന തുണി ട്രൗസറിനും പാവാടയ്ക്കും തികയുന്നില്ലെന്ന് രക്ഷിതാക്കൾ. പൊതുവിദ്യാലയങ്ങളിലെ എൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് അങ്ങോട്ടും ഇങ്ങോട്ടും എത്താത്ത തരത്തിൽ ട്രൗസറും പാവാടയും തയ്ക്കേണ്ടി വരുന്നത്. 5 മുതൽ 8 വരെയുള്ള വിദ്യാ‍ർഥികൾക്ക് യൂണിഫോം വാങ്ങാൻ ഇത്തവണ പണം വന്നിട്ടുമില്ല. ആൺകുട്ടികൾക്ക് 2 ട്രൗസറും 2 ഷർട്ടും പെൺകുട്ടികൾക്ക് 2 പാവാടയും 2 ഷർട്ടും യൂണിഫോമായി തയ്ക്കാനുള്ള കൈത്തറി തുണിയാണ് സർക്കാർ നൽകുന്നത്.

ഇതിൽ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും ആൺകുട്ടികൾക്കു ട്രൗസർ തയ്ക്കാൻ ലഭിക്കുന്നത് ഒരു മീറ്റർ തുണിയാണ്. ഇതുപയോഗിച്ച് 2 ട്രൗസറുകൾ തുന്നണം, അതായത് ഒരു ട്രൗസറിനു ലഭിക്കുന്നത് 50 സെ.മീ തുണി മാത്രം. എന്നാൽ മുട്ടറ്റം വരുന്ന ട്രൗസർ തയ്ക്കാൻ കുറഞ്ഞത് 65 സെ.മീ തുണിയെങ്കിലും വേണം. ഈ ക്ലാസുകളിലെ പെൺകുട്ടികൾക്കു 2 പാവാട തുന്നാൻ ലഭിക്കുന്നത് 2 മീറ്റർ തുണിയാണ്. എന്നാൽ ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് നല്ലൊരു പാവാട തുന്നാൻ കുറഞ്ഞത് 1.40 മീറ്റർ തുണി ആവശ്യമാണ്.

മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്ക് ഒരു ട്രൗസർ തുന്നാൻ ലഭിക്കുന്നത് 60 സെ.മീ തുണിയും പാവാട തുന്നാൻ ലഭിക്കുന്നത് 1.2 മീറ്റർ തുണിയുമാണ്. എന്നാൽ ഈ പ്രായങ്ങളിലുള്ള കുട്ടികൾക്ക് ട്രൗസർ തുന്നാൻ കുറഞ്ഞത് 75 സെ.മീ തുണിയും പാവാട തുന്നാൻ ഒന്നര മീറ്ററിലേറെ തുണിയും ആവശ്യമാണ്. ഇതോടെ രണ്ട് ജോടി യൂണിഫോം തയ്പിക്കാൻ നൽകുന്ന തുണി കൊണ്ട് ഒരു ജോടി തയ്പ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നത്. മറ്റൊരു ജോടി കയ്യിൽ നിന്നു പണമെടുത്ത് വാങ്ങുകയാണ് മിക്കവരും.

എൽപി സ്കൂളുകളിലേക്ക് കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സർക്കാർ തന്നെ എത്തിച്ചു നൽകുന്നതാണ് ഈ കൈത്തറി തുണികൾ. ഇങ്ങനെ കിട്ടുന്നതിൽ ഷർട്ട് തയ്പ്പിക്കാനുള്ള തുണി തികയാറുണ്ട്. 5 മുതൽ 8 വരെയുള്ള കുട്ടികൾക്കും സർക്കാർ തന്നെയാണ് യൂണിഫോം വാങ്ങി നൽകാറുള്ളത്. ഇതിനായി എസ്എസ്കെ വഴി മാർച്ച് മാസത്തിൽ ഒരു ഫണ്ട് സ്കൂളിലെത്താറുണ്ട്. ഒരു കുട്ടിക്ക് 600 രൂപ എന്ന നിലയിലെത്തുന്ന ഈ ഫണ്ട് കഴിഞ്ഞ 2 വർഷമായി കൃത്യമായി വരാറില്ല. പല സ്കൂളുകളിലും ഈ തുക എത്തിയിട്ടില്ല. അതിനാൽ ഇത്തവണയും 5 മുതൽ 8 വരെയുള്ള കുട്ടികൾക്ക് യൂണിഫോം തയ്ക്കാനുള്ള തുണി ലഭിച്ചേക്കില്ല.

സ്കൂൾ നടത്തിപ്പിനും പണമില്ല
∙ അഞ്ചാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ നടത്തിപ്പിനായി ലഭിക്കുന്ന പണവും ഇപ്പോൾ കൃത്യമായി ലഭിക്കുന്നില്ല. ഒരു ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ സ്കൂളുകൾക്ക് ലഭിക്കാറുള്ളത്. സ്കൂളിന്റെ പരിപാലനത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമെല്ലാം ഈ പണമാണ് എടുക്കാറുള്ളത്. ഈ തുക എത്താത്തത് സ്കൂളിന്റെ പല പ്രവർത്തനങ്ങളെയും ബാധിക്കും. തിരൂരിലെ ഒരു ഗേൾസ് സ്കൂളിന് കഴിഞ്ഞ വർഷം ഈയിനത്തിൽ ലഭിച്ചത് വെറും 5,000 രൂപ മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com