ശ്രവണസഹായി കിട്ടി; ജഡ്ജിയുടെ കയ്യിൽ സ്നേഹമുത്തമിട്ട് ആയിഷ
Mail This Article
മഞ്ചേരി ∙ ‘സന്തോഷായി കുട്ട്യേ, ഇനി പറഞ്ഞോളൂ, ഞാൻ കേൾക്കാം..’ ശ്രവണസഹായി കയ്യിൽ കിട്ടിയപ്പോൾ 85 വയസ്സുകാരി ആയിഷ സുപ്രീം കോടതി ജഡ്ജിയാണെന്നു നോക്കിയില്ല. ജഡ്ജിയുടെ കയ്യിൽ പിടിച്ചു മുത്തമിട്ടു. പദവിയും പ്രായവും ഇരുവർക്കുമിടിയിലെ സ്നേഹത്തിനു വഴിമാറി. സുപ്രീം കോടതി ജഡ്ജി ജിതേന്ദ്രകുമാർ മഹേശ്വരിക്കു മുൻപിലാണ് മുണ്ടുപറമ്പ് തോട്ടത്തിൽ ആയിഷ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടപ്പാക്കുന്ന വാത്സല്യധാര പദ്ധതിയിലാണ് ശ്രവണസഹായി ലഭ്യമാക്കിയത്. ജില്ലാ ജഡ്ജി കെ.സനിൽ കുമാർ ആണ് ആയിഷയുടെ കേൾവിക്കുറവ് മനസ്സിലാക്കി ശ്രവണസഹായി ലഭ്യമാക്കാൻ സാഹചര്യം ഒരുക്കിയത്.
നിലമ്പൂർ റോട്ടറി ക്ലബ് ആണ് സ്പോൺസർ ചെയ്തത്. ജഡ്ജി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്ക് വന്നതായിരുന്നു. അതോറിറ്റി അധികൃതർ ആയിഷയെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ എത്തിച്ചാണ് ശ്രവണ സഹായി കൈമാറിയത്. സബ് ജഡ്ജി എം.ഷാബിർ ഇബ്രാഹിം, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പി.ആർ.രമേശ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്‌ഷൻ ഓഫിസർ വി.ജി.അനിത, പാരാലീഗൽ വൊളന്റിയർ ടി.കെ.ഷീബ എന്നിവർ പങ്കെടുത്തു.