ലീഡിൽ ഞെട്ടിച്ച ലീഗ് ‘സ്ട്രാറ്റജി’; കരുത്തായി കൃത്യമായ തിരഞ്ഞെടുപ്പ് മാനേജ്മെന്റും ചിട്ടയായ പ്രവർത്തനവും
Mail This Article
മലപ്പുറം ∙ മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പു ചിഹ്നം കോണിയാണെങ്കിലും മലപ്പുറത്തും പൊന്നാനിയിലും പാർട്ടി സ്ഥാനാർഥികളുടെ ഭൂരിപക്ഷം ഇത്തവണ കുതിച്ചതു ലിഫ്റ്റിലേറിയാണ്. എതിരാളികളെ മാത്രമല്ല, ലീഗ് നേതാക്കളെയും പ്രവർത്തകരെയും പോലും അമ്പരപ്പിച്ച ഭൂരിപക്ഷമാണ് ഇ.ടി.മുഹമ്മദ് ബഷീറിനും എം.പി.അബ്ദുസ്സമദ് സമദാനിക്കും ലഭിച്ചത്. ചക്കയിട്ടപ്പോൾ മുയലു ചത്തെന്നു പറയുംപോലെ യാദൃച്ഛികമായി സംഭവിച്ച പ്രതിഭാസമല്ല ഈ ഭൂരിപക്ഷം. അതിനു പിന്നിൽ കൃത്യമായ തിരഞ്ഞെടുപ്പ് മാനേജ്മെന്റും നേതാക്കളുടെയും പ്രവർത്തകരുടെയും ചിട്ടയായ പ്രവർത്തനവുമുണ്ട്. ചരിത്ര ഭൂരിപക്ഷത്തിലേക്കു ലീഗ് നടന്നു കയറിയതിന്റെ പിന്നിലെ പ്രധാന ഘടകങ്ങൾ ഇവയാണ്.
സാദിഖലി തങ്ങൾ: ദ് ലീഡർ
∙ പാണക്കാട് സാദിഖലി തങ്ങൾ പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. ലീഗ് മുന്നണി മാറുമോയെന്ന ചോദ്യം കുറച്ചുകാലം മുൻപുവരെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടിരുന്നു. യുഡിഎഫിനകത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശേഷി ആ ഊഹാപോഹങ്ങൾക്കുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയിൽ പോയി അത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിടുന്ന പ്രഖ്യാപനം നടത്തിയതിലൂടെ രാഷ്ട്രീയ മെയ്‌വഴക്കം തങ്ങൾ തെളിയിച്ചു. ലീഗും കോൺഗ്രസും മുൻപെങ്ങും കാണാത്ത ഒത്തിണക്കത്തോടെ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയതിന്റെ കാരണങ്ങളിലൊന്ന് കോഴിക്കോട് കടപ്പുറത്ത് തങ്ങൾ നടത്തിയ ആ പ്രഖ്യാപനമാണ്. എംഎസ്എഫിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം മാറ്റി നിർത്തപ്പെട്ട ഹരിത പ്രവർത്തകരെ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മടക്കിക്കൊണ്ടുവന്നതിലും തങ്ങളുടെ നേതൃമികവ് പ്രകടമായി. പൊന്നാനി മണ്ഡലത്തിലെ തീരപ്രദേശത്ത് റോഡ് ഷോ നടത്തി പ്രത്യക്ഷ പ്രചാരണത്തിനും അദ്ദേഹമിറങ്ങി.
പി.കെ.കുഞ്ഞാലിക്കുട്ടി: ദ് കിങ് മേക്കർ
∙ മൂന്നു പതിറ്റാണ്ടിലേറെയായി മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ അമരത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന അണികളുടെ സ്വന്തം കുഞ്ഞാപ്പയാണ്. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. രണ്ടു മണ്ഡലങ്ങളിലെയും പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചതു കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. ലീഗ് വിമതൻ കെ.എസ്.ഹംസ ഇടതുപക്ഷത്തിനായി കളത്തിലിറങ്ങിയ പൊന്നാനിയിലെ പ്രചാരണ പ്രവർത്തനം മുഴുവൻ സമയവും ‘പികെകെ ക്യാമറയുടെ’ നിരീക്ഷത്തിലായിരുന്നു. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബൂത്ത് ഏജന്റുമാരുടെ യോഗം പൊന്നാനിയിൽ രണ്ടു തവണയും മലപ്പുറത്ത് ഒരുവട്ടവും വിളിച്ചു ചേർത്തു. പാളിച്ചകൾ കണ്ടെത്തി തിരുത്താൻ പല തലങ്ങളിൽ സംവിധാനമുണ്ടാക്കി. മൂന്നു പതിറ്റാണ്ടിനിടെ തലമുറയും പ്രചാരണ രീതികളും മാറിയെങ്കിലും പാർട്ടിക്കു മിന്നുന്ന വിജയം സമ്മാനിക്കുന്ന ‘കുഞ്ഞാപ്പ ട്രിക്കിനു’ മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്നു ഈ തിരഞ്ഞെടുപ്പും തെളിയിച്ചു.
നേതാക്കൾ, പ്രവർത്തകർ: ദ് വാരിയേഴ്സ്
∙ ആവേശം സിനിമയിലെ രംഗണ്ണന് അമ്പാനെന്ന പോലെ, നേതൃത്വം തീരുമാനിക്കുന്നതു അതേപടി നടപ്പിലാക്കാൻ സന്നദ്ധരായ നേതാക്കൾക്കും പ്രവർത്തകർക്കും കൂടി അവകാശപ്പെട്ടതാണു ഈ മിന്നും വിജയം. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളും ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മലപ്പുറത്ത് മഞ്ഞളാംകുഴി അലി എംഎൽഎ, ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ, അൻവർ മുള്ളമ്പാറ എന്നിവർക്കായിരുന്നു ചുമതല. പൊന്നാനിയിൽ ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ, എം.റഹ്മത്തുല്ല, ശരീഫ് കുറ്റൂർ, കെ.എം.അബ്ദുൽ ഗഫൂർ, അഡ്വ.ആരിഫ് തുടങ്ങിയ നേതാക്കളുടെ കയ്യിലായിരുന്നു ചുക്കാൻ. കോൺഗ്രസ് നേതാക്കൾ എല്ലായിടത്തും കട്ടയ്ക്കു കൂടെ നിന്നു. മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാൻ ഒരു യോഗം പോലും വിളിച്ചു ചേർക്കേണ്ടി വന്നില്ലെന്നതു യുഡിഎഫിലെ കെട്ടുറപ്പിനു തെളിവായി. ലീഗ് എംഎൽഎമാർ സ്വന്തം മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളുടെ മുന്നിൽ നിന്നു.
അടവു മാറ്റി, ഹിറ്റായി...
∙ പ്രചാരണ കാലത്തിന്റെ ഭൂരിഭാഗവും റമസാൻ വ്രത കാലത്തായിരുന്നു. പകലാണെങ്കിൽ കനത്ത ചൂടും. ഇതോടെ, വലിയ സമ്മേളനങ്ങൾ ഒഴിവാക്കി പരമാവധി കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചു. ഇതു വലിയ വിജയമായെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. സ്ത്രീകൾക്കായും പുതിയ തലമുറയ്ക്കായും പ്രത്യേകം യോഗങ്ങൾ സംഘടിപ്പിച്ചു. വനിതാ യോഗങ്ങളിൽ വനിതാ നേതാക്കൾ തന്നെ കാര്യങ്ങൾ വിശദീകരിച്ചു. ഇതിനായി പ്രസംഗ പരിശീലനം നൽകി പ്രത്യേക സംഘത്തെ വാർത്തെടുത്തു. പുതിയ തലമുറയിലേക്കു പാലമിടാനായി സംഘടിപ്പിച്ച ന്യൂജെൻ മീറ്റുകളും വൻ വിജയമായതായി കൂറ്റൻ ഭൂരിപക്ഷം സൂചിപ്പിക്കുന്നു.
തിരഞ്ഞെടുപ്പ് രംഗത്തെ മാറ്റി മറിക്കാമായിരുന്ന വൈകാരിക വിഷയത്തിൽ ലീഗ് നേതൃത്വവും അണികളും സ്വീകരിച്ച പക്വതയാർന്ന സമീപനത്തിനു കൂടി അവകാശപ്പെട്ടതാണു മലപ്പുറത്തെയും പൊന്നാനിയിലെയും വൻ വിജയം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ യോഗങ്ങളിൽ പതാകകൾ ഉപയോഗിക്കേണ്ടെന്ന തീരുമാനം ഉയർത്തിക്കാട്ടി ലീഗ് അണികളെ പ്രകോപിപ്പിക്കാൻ ഇടതുമുന്നണി പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും അവർ ആ ചൂണ്ടയിൽ കൊത്തിയില്ല. ഫലം വന്നപ്പോൾ ഹരിത പതാക കൂടുതൽ ഉയരത്തിൽ പാറിക്കളിക്കുന്നു.