വെറ്റിലക്കൊല്ലി ആദിവാസി കോളനിയിൽ വീണ്ടും ശിശുമരണം; ഒരു വയസ്സുകാരൻ മരിച്ചു
Mail This Article
മലപ്പുറം∙ നിലമ്പൂർ ചാലിയാർ പന്തീരായിരം ഏക്കർ ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിൽ വീണ്ടും ശിശുമരണം. സുരേഷിന്റെയും അനുവിന്റെയും ഏക മകൻ വിഷ്ണു (ഒരു വയസ്സ് 4 മാസം) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തി. സംസ്കാരം നടത്തി.
ജനിക്കുമ്പോൾ കുഞ്ഞിന് ശരീരഭാരം കുറവായിരുന്നു. ജനിതക രോഗം (എഡ്വേഡ്സ് സിൻഡ്രോം) ബാധിച്ചിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മരണവിവരം അറിഞ്ഞ് ചാലിയാർ സിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകർ കോളനിയിലേക്ക് ജീപ്പിൽ പുറപ്പെട്ടെങ്കിലും റോഡ് തടസം കാരണം പാതിവഴിയിൽവച്ച് മടങ്ങി. ഐടിഡിപി പ്രമോട്ടർ പി.സുരേന്ദ്രൻ, സാമൂഹിക പ്രവർത്തക കെ.ടി.കല്യാണി, പാലക്കയം അങ്കണവാടി അധ്യാപിക തങ്കമ്മ എന്നിവർ കാൽനടയായി കോളനിയിൽ എത്തി.
കോളനിയിൽ ഒരു വർഷത്തിനിടെ രണ്ടാമത്തെ ശിശുമരണമാണിത്. ശശിയുടെയും അനുവിന്റെയും നവജാത ശിശുവാണ് മുൻപ് മരിച്ചത്. കോളനിയിൽ സ്ത്രീകളും കുഞ്ഞുങ്ങളും കടുത്ത പോഷകാഹാര കുറവ് നേരിടുന്നുണ്ട്.