ADVERTISEMENT

പെരിന്തൽമണ്ണ ∙ ഒരു നാടിനാകെ ആശ്വാസവും ആഹ്ലാദവും നൽകിയാണു 10 ദിവസത്തിനുശേഷം റൂബിയുടെ വരവ്. കാരണം, കഴിഞ്ഞ 10 ദിവസവും നാടൊന്നാകെ കാണാതായ ഈ വളർത്തുനായയ്ക്കു വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. ഈ ദിവസങ്ങളത്രയും റൂബി അതിജീവിച്ചതാകട്ടെ, കാടുമൂടിക്കിടന്ന പൊട്ടക്കിണറ്റിലും.

തൂത കാറൽമണ്ണ കൊട്ട്ലിങ്ങൽ വീട്ടിൽ സുജിത്തിന്റെയും കുടുംബാംഗങ്ങളുടെയും അരുമയാണു പൊമറേനിയൻ ഇനത്തിൽപെട്ട റൂബി. സ്വയം കൂടുതുറന്നു പുറത്തു പോവുകയും തിരികെ കയറുകയും ചെയ്യാറാണു പതിവ്. 10 ദിവസം മുൻപൊരു പെരുമഴ ദിനത്തിൽ കൂടു തുറന്നു പോയ റൂബി അപ്രത്യക്ഷയായി. വീട്ടുകാരും അയൽക്കാരും ചേർന്നു തിരച്ചിൽ തുടങ്ങി; റൂബിയുടെ തിരോധാനം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ നാടൊന്നാകെ തിരച്ചിലിൽ പങ്കാളികളായി.

ഒടുവിൽ, കഴിഞ്ഞ ദിവസം സുജിത്തിന്റെ മൊബൈൽ ഫോണിലേക്കു വിളിയെത്തി; പ്രദേശത്തെ ആൾത്താമസമില്ലാത്ത വീടിന്റെ പരിസരത്തു കാടുമൂടിക്കിടക്കുന്ന കിണറ്റിൽനിന്നു നായയുടെ ശബ്ദം കേൾക്കുന്നുണ്ട്. ഉടൻ സ്ഥലത്തെത്തിയ സുജിത് കിണറ്റിനുള്ളിൽ റൂബിയെ കണ്ടു. അയൽക്കാരെയും കൂട്ടി കരകയറ്റാൻ ശ്രമിച്ചെങ്കിലും കഴിയാതിരുന്നതോടെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ ട്രോമകെയർ പ്രവർത്തകർ കിണറ്റിലിറങ്ങി കാലിൽ കുരുക്കിട്ടു റൂബിയെ മുകളിലെത്തിക്കുകയായിരുന്നു..

പാലക്കാട് ട്രോമാകെയർ ജില്ലാ കോഓർഡിനേറ്റർ റിയാസുദ്ദീൻ, ചെർപ്പുളശ്ശേരി സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ മുഹമ്മദ് അലി, മനു, ജംഷാദ്, പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, ഗിരീഷ് കീഴാറ്റൂർ എന്നിവരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com