ADVERTISEMENT

മഞ്ചേരി∙ കരുവമ്പ്രത്ത് ഗവ. പോളിടെക്നിക് കോളജിനു 10 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടസമുച്ചയം 7 ലക്ഷം രൂപ കെഎസ്ഇബിയിൽ കെട്ടിവയ്ക്കാൻ ഇല്ലാത്തതിനാൽ വെറുതേ കിടക്കുന്നു. ഒരു വർഷം മുൻപ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്ത അക്കാദമിക് ബ്ലോക്ക് ആണ് നോക്കുകുത്തിയായത്.

ഉന്നതവിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകൾക്കു കീഴിലുള്ള കോളജിന്റെ അക്കാദമിക് ബ്ലോക്ക് മേയ് 5ന് ആണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികളുടെ ക്ലാസ് മുറികൾ, പ്രിൻസിപ്പലിന്റെ ഓഫിസ്, സ്റ്റാഫ് റൂം, വകുപ്പുമേധാവികളുടെ മുറികൾ, ഓഫിസ്, ലൈബ്രറി, ലാബ്, ലക്ചർ ഹാൾ എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടസമുച്ചയം. ട്രാൻസ്ഫോമർ സ്ഥാപിക്കാൻ പ്രത്യേകം കെട്ടിടം നിർമിച്ചിട്ടുണ്ട്. എച്ച്ടി ലൈൻ വലിക്കുന്നതിന് കെഎസ്ഇബിയിൽ പണം കെട്ടിവയ്ക്കണം. സ്മാർട്ട് ക്ലാസ് റൂം പണികൾ ബാക്കിയുണ്ട്. ഈ അധ്യയന വർഷം ക്ലാസുകൾ വിപുലമായ സൗകര്യങ്ങളോടെ  പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന വിദ്യാ‍ർഥികളുടെ പ്രതീക്ഷയ്ക്കാണ് മങ്ങലേൽക്കുന്നത്. 

അക്കാദമിക് മികവിൽ സംസ്ഥാനത്തെ മികച്ച പോളിടെക്നിക് കോളജുകളിൽ അഞ്ചാം സ്ഥാനമാണ് മഞ്ചേരിക്ക്. സിവിൽ, മെക്കാനിക്, ഇൻസ്ട്രുമെന്റേഷൻ കോഴ്സുകളാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 550 വിദ്യാർഥികൾ പഠിക്കുന്നു.‍ ടെക്നിക്കൽ ഹൈസ്കൂളിന്റെ കെട്ടിട സൗകര്യങ്ങളാണ് നിലവിൽ പ്രയോജനപ്പെടുത്തുന്നത്. ചെറിയ ഓഫിസും ക്ലാസ് മുറികളുമാണ് ഇതിലുള്ളത്. സൗകര്യങ്ങളില്ലാത്തതിനാൽ മിക്കപ്പോഴും ക്ലാസുകൾ ക്രമീകരിക്കേണ്ടി വരുന്നു. ഓഫിസ് ജീവനക്കാരുടെയും ലക്ചറർമാരുടെ സ്ഥിരം നിയമനവും നടക്കേണ്ടതുണ്ട്.

കെഎസ്ഇബിക്ക് അടയ്ക്കാൻ 7 ലക്ഷം രൂപ അലോട്മെന്റ് ആകണം. ഇതിന് ഭരണാനുമതി ആയിരുന്നു. ഒരു തവണ അലോട്മെന്റ് ആയെങ്കിലും ട്രഷറി നിയന്ത്രണത്തിൽ കുടുങ്ങി. ഇനി വീണ്ടും ഡയറക്ടറേറ്റിൽനിന്ന് അലോട്മെന്റ് ലഭിക്കണം. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്- പ്രിൻസിപ്പൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com