അനസ്തീസിയയ്ക്കു പിന്നാലെ കുട്ടിയുടെ മരണം: മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷിക്കും
Mail This Article
കൊണ്ടോട്ടി ∙ കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പു തട്ടി മുറിവേറ്റ കുട്ടിക്ക് ആശുപത്രിയിൽ അനസ്തീസിയ നൽകിയതിനെത്തുടർന്നു മരിച്ച സംഭവത്തിൽ, അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണ ഉദ്യോഗസ്ഥരും മെഡിക്കൽ ബോർഡിൽ ഉണ്ടാകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന്, അന്വേഷണം കൊണ്ടോട്ടി ഡിവൈഎസ്പി എഎം.സിദ്ദീഖ് ഏറ്റെടുത്തു.
അരിമ്പ്ര കൊടക്കാടൻ നിസാറിന്റെ മകൻ മുഹമ്മദ് ഷാസിൽ ആണ് ജൂൺ ഒന്നിനു വൈകിട്ട് ആറിനു കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അണ്ണാക്കിലെ മുറിവു തുന്നുന്നതിനു വേണ്ടിയാണു കുട്ടിക്കു ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചത്. എന്നാൽ, അനസ്തീസിയ നൽകിയതിനെത്തുടർന്നു സ്ഥിതി വഷളാകുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
മരണകാരണം അണ്ണാക്കിലുണ്ടായ മുറിവല്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ചികിത്സയിൽ ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന രീതിയിലാണു റിപ്പോർട്ട്. അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ലാബിൽനിന്നു രാസപരിശോധനാ ഫലംകൂടി ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ അറിയാമെന്ന നിഗമനത്തിലാണു പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ചികിത്സിച്ച ഡോക്ടർമാർ, മറ്റു ജീവനക്കാർ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ തുടങ്ങിയവരിൽനിന്നു വിവരങ്ങൾ ശേഖരിക്കുമെന്നു ഡിവൈഎസ്പി പറഞ്ഞു.