ഭൂമി നികത്താതെതന്നെ പദ്ധതി യാഥാർഥ്യമാക്കും; കർമ റോഡരികിൽ 100 കോടി രൂപ ചെലവിൽ കൺവൻഷൻ സെന്റർ
Mail This Article
പൊന്നാനി ∙ നഗരത്തിന്റെ അടയാളമായി പൊന്നാനിയിൽ 100 കോടി രൂപ ചെലവിൽ കൺവൻഷൻ സെന്റർ നിർമിക്കുന്നു. ഭാരതപ്പുഴയോരത്തു കർമ റോഡിനരികിലായി രാജ്യാന്തര നിലവാരത്തിലുള്ള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കും. 2800 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം, 4 മിനി ഹാളുകൾ, 56 മുറികളുള്ള ഹോട്ടൽ, മൾട്ടിപ്ലെക്സ് തിയറ്റർ, എക്സിബിഷൻ സെന്റർ, സ്വിമ്മിങ് പൂൾ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളോടെയാണു പദ്ധതി.
ഭാരതപ്പുഴയ്ക്കു സമീപത്തെ ഭൂമി നികത്താതെതന്നെ പരിസ്ഥിതിസൗഹൃദമായി പദ്ധതി യാഥാർഥ്യമാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി തൂണുകളിലായിരിക്കും കെട്ടിടം നിലനിർത്തുക. എർത്ത് സ്കേപ് എന്ന സ്വകാര്യ കമ്പനിയാണ് കരടു പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്. 30 കോടി രൂപയാണ് ആദ്യഘട്ടച്ചെലവ് പ്രതീക്ഷിക്കുന്നത്.
ഇത് നഗരസഭ വഹിക്കും. ബാക്കിവരുന്ന തുക സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്താനാണു ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമായാൽ കർമ റോഡ് ഉൾപ്പെടുന്ന ടൂറിസം മേഖലയുടെ മുഖഛായ തന്നെ മാറും. നിലവിൽ റവന്യു വകുപ്പിന്റെ കീഴിലാണു ഭൂമിയുള്ളത്. ഉടമസ്ഥാവകാശം നഗരസഭയ്ക്ക് ലഭ്യമാക്കുന്നതിനായുള്ള സർക്കാർതല നീക്കം ഉടൻ നടക്കുമെന്നാണ് അറിയുന്നത്.