മെഡിക്കൽ കോളജ് ആശുപത്രി: സ്കാനിങ് യൂണിറ്റ് മെഷീൻ വാങ്ങാൻ 2.90 കോടി രൂപ
Mail This Article
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തിനു കീഴിൽ എംആർഐ സ്കാനിങ് യൂണിറ്റ് തുടങ്ങാനുള്ള തടസ്സം നീങ്ങി. സ്കാനിങ് മെഷീൻ വാങ്ങാൻ 2.90 കോടി രൂപ അനുവദിച്ചതോടെയാണിത്.ഇതോടെ 10 കോടി രൂപ ചെലവിൽ സ്കാനിങ് യൂണിറ്റ് യാഥാർഥ്യമാകും.പണി പൂർത്തിയാകുന്ന ഇന്റർവെൻഷനൽ റേഡിയോളജി ബ്ലോക്കിലാണ് പുതിയ യൂണിറ്റ് സ്ഥാപിക്കുക. നേരത്തേ യൂണിറ്റിന് 7.19 കോടി രൂപ അനുവദിക്കുകയും തുക കെഎംഎസ്‌സിഎല്ലിൽ കെട്ടി വയ്ക്കുകയും ചെയ്തിരുന്നു. യന്ത്രം സ്ഥാപിക്കുന്നതിനു മുന്നോടിയായി ബന്ധപ്പെട്ട ഏജൻസി സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. ബാക്കി തുക കിട്ടാത്തതിനാൽ നടപടികൾ വഴിമുട്ടി.
14 കോടി രൂപയുടെ പദ്ധതിയായിരുന്നു നേരത്തെ വിഭാവനം ചെയ്തിരുന്നത്. മെഡിക്കൽ കോളജ് അധികൃതർ സർക്കാരിനു പല തവണ നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.വിദ്യാർഥികളുടെ പഠനം, പുതിയ പിജി കോഴ്സ് തുടങ്ങൽ, റേഡിയോളജി ബ്ലോക്ക് നിർമാണം തുടങ്ങിയവ മുന്നിൽക്കണ്ട് അഎംആർഐ സ്കാനിങ് യന്ത്രം സ്ഥാപിക്കാൻ വകുപ്പ് മേധാവികൾ കോളജ് അധികൃതർ മുഖേന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സമർദ്ദം ചെലുത്തി. നിലവിൽ എംആർഐ സ്കാനിങ് സംവിധാനം ഇല്ലാത്തതിനാൽ സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളെയാണ് രോഗികൾ ആശ്രയിക്കുന്നത്. സ്കാനിങ്, എംആർഐ ഇല്ലാത്തത് ചില പിജി കോഴ്സുകൾ തുടങ്ങുന്നതിന് തടസ്സം ഉണ്ടായിരുന്നു.പണം അക്കൗണ്ടിലെത്തുന്ന മുറയ്ക്ക് കെഎംഎസ്‌സിഎൽ മുഖേന നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനമെന്ന് കോളജ് അധികൃതർ പറഞ്ഞു. ഒരു വർഷത്തിനകം യൂണിറ്റ് യാഥാർഥ്യമാകും.
ബജറ്റ് പദ്ധതികൾക്ക് തുക അനുവദിച്ചു
മെഡിക്കൽ കോളജ് ആശുപത്രിക്ക് ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതികൾക്ക് തുക അനുവദിച്ച് ഭരണാനുമതിയായി.പദ്ധതികളും തുകയും:അമ്മയും കുഞ്ഞും പദ്ധതി (45ലക്ഷം), ക്ലാസ് മുറി സ്മാർട്ട് ആക്കൽ (20 ലക്ഷം), ബയോ മെഡിസിൻ, ട്രോമാകെയർ (1 0ലക്ഷം) വേസ്റ്റ് മാനേജ്മെന്റ് (85 ലക്ഷം), രക്ത ബാങ്ക് (8 ലക്ഷം).ഇതിനു പുറമേ, ഉപകരണങ്ങൾ വാങ്ങാൻ 3.36 കോടി രൂപയുടെയും ഭരണാനുമതിയായി.