ADVERTISEMENT

മലപ്പുറം ∙ സംശയരോഗികളായ പുരുഷൻമാർ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുന്നയിക്കുകയും വനിതാ കമ്മിഷൻ ഇടപെട്ട് ഡിഎൻഎ പരിശോധന നടത്തി പിതൃത്വം സ്ഥിരീകരിക്കുകയും ചെയ്തിട്ടും ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന യുവതിയുടെ പരാതി പരാമർശിച്ചുകൊണ്ടാണ് അവർ ആശങ്ക പങ്കുവച്ചത്. സംസ്ഥാനത്ത് വിവാഹപൂർവ കൗൺസലിങ് കാര്യക്ഷമമാക്കണമെന്ന് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളടക്കം ഇക്കാര്യത്തിൽ മുൻകയ്യെടുക്കണം. കൗൺസലിങ്ങിനു ശേഷമേ വിവാഹം നടക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തിയാൽത്തന്നെ  കുടുംബപ്രശ്നങ്ങളുണ്ടാകുന്നതിന് പരിഹാരമാകുമെന്നും അവർ പറഞ്ഞു.മദ്യവും ലഹരിമരുന്നും ഗാർഹികാന്തരീക്ഷം അത്യന്തം സങ്കീർണമാക്കുന്നതായി കമ്മിഷൻ നിരീക്ഷിച്ചു.

ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും ബാധിക്കുന്നു. ഇക്കാര്യത്തിൽ കമ്മിഷൻ തിരുവനന്തപുരത്തും കോഴിക്കോട്, കൊച്ചി മേഖലാ ഓഫിസുകളിലും മുഴുവൻ സമയവും കൗൺസലർമാരുടെ സേവനം ഒരുക്കിയിട്ടുണ്ടെന്നും അധ്യക്ഷ അറിയിച്ചു.  കലക്ടറേറ്റിൽ ഇന്നലെ നടന്ന അദാലത്തിൽ വനിതാ കമ്മിഷൻ 42 പരാതികൾ പരിഗണിച്ചു. അവയിൽ 11 എണ്ണം തീർപ്പാക്കി. 8 പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടി.

വീടിനു നേരെ വെടിവയ്പ്; പെൺകുട്ടിക്ക് പിന്തുണ
∙ കോട്ടയ്ക്കലിൽ നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിൻമാറിയതിന് വീടിനു നേരെ യുവാവ് വെടിയുതിർത്ത സംഭവത്തിൽ പെൺകുട്ടിക്ക് പിന്തുണയുമായി കമ്മിഷൻ. വിവാഹാലോചനയുടെ ഏതു ഘട്ടത്തിലും പെൺകുട്ടിക്ക് പിൻമാറാനുള്ള അവകാശമുണ്ടെന്ന് അവർ പറഞ്ഞു. 


∙ ഒരുമിച്ച് വായ്പയെടുത്ത് നിർമിച്ച വീട്ടിൽനിന്ന് ഭർത്താവ് പുറത്താക്കിയതിനെ തുടർന്ന് കുട്ടികളെ യത്തീംഖാനയിൽ ആക്കേണ്ടി വന്ന യുവതിയുടെ പരാതിയിൽ കമ്മിഷൻ ഇടപെട്ടു. യുവതിക്കും കുട്ടികൾക്കും അവരുടെ വീട്ടിൽ തന്നെ സുരക്ഷിതമായി താമസിക്കാനുള്ള സാഹചര്യമൊരുക്കാൻ വനിതാശിശു സംരക്ഷണ ഓഫിസർക്ക് നിർദേശം നൽകി. 


∙ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റികളില്ലാത്ത തൊഴിൽ സ്ഥാപനങ്ങൾ ജില്ലയിൽ ഇപ്പോഴുമുണ്ടെന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് കമ്മിഷൻ പറഞ്ഞു. ഉള്ള സ്ഥാപനങ്ങളിൽ പലേടത്തും സമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ല. അൺ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപികമാരെ അന്യായമായി പിരിച്ചുവിട്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്. കാരണം കാണിക്കാതെ അധ്യാപികമാരെ പിരിച്ചുവിടുന്നത് ഗൗരവതരമായ പ്രശ്‌നമാണ്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തും. കർശനമായ വ്യവസ്ഥകൾ നടപ്പാക്കാൻ നിർദേശം നൽകുമെന്നും  അധ്യക്ഷ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com