ADVERTISEMENT

പെരിന്തൽമണ്ണ ∙ ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ നേരത്തെ പുറപ്പെട്ടതോടെ, കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെത്തിയ നൂറുകണക്കിനു യാത്രക്കാർ തിങ്കളാഴ്ച രാത്രി തുടർയാത്രയ്ക്കു വഴിയില്ലാതെ വെട്ടിലായി. ഷൊർണൂരിൽ നിന്നുള്ള നിലമ്പൂർ ട്രെയിൻ നിമിഷങ്ങൾ വൈകിയോടിയാൽ ഒട്ടേറെ യാത്രക്കാർക്കു ഗുണം ലഭിക്കുന്നതായി മുൻപ് മലയാള മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നു വിവിധ മേഖലകളിൽ നിന്നുള്ള ഇടപെടലുകളുടെ കൂടി ഫലമായി ഈ സർവീസ് അൽപം വൈകിയാണു ഷൊർണൂരിൽ നിന്നു പുറപ്പെട്ടിരുന്നത്.

എന്നാൽ, തിങ്കളാഴ്ച നിലമ്പൂർ ട്രെയിൻ ഷൊർണൂരിൽ നിന്നു നേരത്തെ പുറപ്പെടുകയും കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിൻ വൈകുകയും ചെയ്തു. രണ്ടു ട്രെയിനുകളും അടുത്തടുത്ത പ്ലാറ്റ്ഫോമുകളിൽ നിർത്തുന്ന സാഹചര്യം മാറിയതോടെയാണു പ്രായമായവരും കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞത്. കണ്ണൂർ എക്സ്പ്രസ് ആറാം പ്ലാറ്റ്ഫോമിലും നിലമ്പൂർ ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിലുമാണ് ഇപ്പോൾ നിർത്തുന്നത്. 

നിലവിൽ ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടുന്നതു രാത്രി 8.10ന് ആണ്. ഇതിനുശേഷം നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഷൊർണൂരിലെത്തുന്ന വിവിധ ട്രെയിനുകളിലെത്തുന്ന ഒട്ടേറെപ്പേർ നിലമ്പൂർ ഭാഗത്തേക്കു തുടർയാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണ്. ആലപ്പുഴയിൽ നിന്നു വരുന്ന കണ്ണൂർ എക്സ്പ്രസിൽ ഷൊർണൂരിൽ ഇറങ്ങുന്ന യാത്രക്കാരിൽ ഭൂരിഭാഗവും നിലമ്പൂരിലേക്കു പോകേണ്ടവരാണ്. എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയമാറ്റവും നിലവിലെ പ്രതിസന്ധിക്കു കാരണമാണ്. മുൻപ് അര മണിക്കൂർ നേരത്തെ ഈ ട്രെയിൻ ഷൊർണൂരിലെത്തിയിരുന്നു. സമയം പുനഃക്രമീകരിച്ചതോടെ ഈ ട്രെയിനിൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ട്.

തിരുവനന്തപുരത്തു നിന്നുള്ള കേരള എക്സ്പ്രസിലെ യാത്രക്കാരും ട്രെയിൻ മാറിക്കയറി കണ്ണൂർ എക്സ്പ്രസിലാണു ഷൊർണൂരിലെത്തുന്നത്. തിങ്കളാഴ്ച ട്രെയിൻ ലഭിക്കാതെ ചിലർ റെയിൽവേ സ്‌റ്റേഷനിലിരുന്നു നേരം വെളുപ്പിച്ച സാഹചര്യവും ഉണ്ടായി. റെയിൽവേ ടൈംടേബിൾ പ്രകാരം നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ സമയം 8.30 ആക്കി ക്രമീകരിച്ചാൽ ആയിരക്കണക്കിനു യാത്രക്കാർക്ക് ആശ്വാസമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com