പട്ടിക്കാട് ആദർശ് സ്‌റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം
Mail This Article
പട്ടിക്കാട് ∙ ഷൊർണൂർ–നിലമ്പൂർ പാതയിലെ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം. നിലവിൽ 250 മീറ്റർ ആണ് പ്ലാറ്റ്ഫോമിന്റെ നീളം. നിലമ്പൂർ – കോട്ടയം പാസഞ്ചർ ഒഴികെ മറ്റു ട്രെയിനുകൾക്കെല്ലാം സ്‌റ്റോപ്പുണ്ട്. 12 കംപാർട്മെന്റുകളിൽ കയറാൻ പാകത്തിലാണ് പ്ലാറ്റ്ഫോമുകളുടെ നിർമാണം. രാജ്യറാണി എക്‌സ്പ്രസിനു 14 കംപാർട്മെന്റുകൾ ഉണ്ട്. പ്ലാറ്റ്ഫോമിനു പുറത്തെ കംപാർട്മെന്റുകളിൽ കയറാൻ യാത്രക്കാർ ഏറെ കഷ്‌ടപ്പെടുകയാണ്.
190 മീറ്റർ ദൂരം കൂടി പ്ലാറ്റ്‌ഫോം നിർമിക്കാൻ നിർദേശം ഉണ്ടെങ്കിലും നടപടി ആയിട്ടില്ല. പ്ലാറ്റ്ഫോറത്തിനു മേൽക്കൂര ഇല്ലാത്തതു മൂലം മഴ നനയേണ്ട സ്ഥിതിയുമുണ്ട്. വേനലിലാണെങ്കിൽ വെയിലത്ത് ട്രെയിൻ കാത്തു നിൽക്കണം. ഇരിപ്പിട സൗകര്യവും കുറവാണ്. ചുരുങ്ങിയത് 3 ഇടത്തു കൂടി ട്രെയിൻ കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണം. യാത്രക്കാർക്ക് ക്ലോക്ക് റൂം ഇല്ലാത്തതും പ്രശ്‌നമാണ്.
റെയിൽവേ സ്‌റ്റേഷനും പരിസരവും നിത്യവും ശുചീകരിക്കാൻ അധികൃതർ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. പ്ലാറ്റ്ഫോമിൽ വെളിച്ചസംവിധാനവും ഏർപ്പെടുത്തണം. ഇ.അഹമ്മദ് റെയിൽവേ സഹമന്ത്രി ആയിരുന്നപ്പോഴാണ് പട്ടിക്കാട് ആദർശ് സ്‌റ്റേഷൻ ആയി ഉയർത്തിയത്. 2010 ജൂൺ 16 ന് ആണ് പുതിയ സ്‌റ്റേഷൻ കെട്ടിടം, വിശ്രമമുറി, പ്ലാറ്റ്ഫോം എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്‌തത്. ട്രെയിനുകളുടെ എണ്ണം വർധിക്കുകയും യാത്രക്കാർ കൂടുകയും ചെയ്‌തു. ഇവ പരിഗണിച്ച് കൂടുതൽ സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.