ADVERTISEMENT

തേഞ്ഞിപ്പലം‌∙ ഡോ.പി.രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിലെത്തുമ്പോൾ, കാലം കണക്കു ചോദിക്കുമെന്ന ചൊല്ല് അന്വർഥമാവുകയാണ്. രാജ്യാന്തര പ്രശസ്തനായ ശാസ്ത്രജ്ഞനായിട്ടും അർഹതയ്ക്കനുസരിച്ചുള്ള അംഗീകാരം അദ്ദേഹത്തിനു ലഭിച്ചില്ലെന്നു വിശ്വസിക്കുന്നവർ അക്കാദമിക രംഗത്ത് ഏറെയുണ്ട്. അതിനുപിന്നിൽ രാഷ്ട്രീയ കാരണങ്ങളും കാണുന്നവരുണ്ട്. സർവകലാശാലയിലെ കോൺഗ്രസ് അധ്യാപക സംഘടനയുടെ അമരത്തു വർഷങ്ങളായി അദ്ദേഹമുണ്ട്. കാലിക്കറ്റ് രസതന്ത്ര പഠനവകുപ്പിൽനിന്ന് വിരമിക്കാൻ 3 വർഷം ശേഷിക്കെയാണു ഡോ. രവീന്ദ്രൻ യൂണിവേഴ്സിറ്റിയുടെ ചുമതലക്കാരനായി എത്തിയത്.

ജർമനി, യുഎസ്, ജപ്പാൻ എന്നിവിടങ്ങളിലെ സർവകലാശാലകളിൽനിന്നു ഗവേഷണം പൂ‍ർത്തിയാക്കി 2005 ഡിസംബർ 30ന് യൂണിവേഴ്സിറ്റി രസതന്ത്ര പഠനവകുപ്പി‍ൽ റീഡറായി നിയമിതനായ രവീന്ദ്രനെ പുറത്താക്കാൻ 2007 അവസാനം മുതൽ സിപിഎം സിൻഡിക്കറ്റ് നീക്കം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വിദേശ സർവകലാശാലകളിലെ ഗവേഷണ പരിചയം അംഗീകരിക്കാനാകില്ലെന്നു വാദിച്ച് 2008ൽ അദ്ദേഹത്തെ അധ്യാപക തസ്തികയിൽനിന്നു പുറത്താക്കാൻ സി‍ൻഡിക്കറ്റ് തീരുമാനമെടുത്തു.

എന്നാൽ, അന്നത്തെ ചാൻസലർ ആർ.എസ്.ഗവായ് തീരുമാനം അംഗീകരിച്ചില്ല. ഉദ്യോഗസ്ഥ നിയമനം പുനഃപരിശോധിക്കാൻ സിൻഡിക്കറ്റിന് അധികാരമില്ലെന്നും അന്ന് ചാൻസലർ ഉത്തരവിറക്കി. 2014ൽ കാലിക്കറ്റ് പ്രോ വിസി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേരു തള്ളി. നിലവിലുള്ള സെനറ്റിലേക്ക് ഡോ. രവീന്ദ്രനെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വമേധയാ നാമനിർദേശം ചെയ്തതിനെ എ‍ൽഡിഎഫ് എതിർത്തതും വാർത്തയായിരുന്നു. യൂണിവേഴ്സിറ്റി പ്രഫസറായ രവീന്ദ്രനെ ശാസ്ത്രസ്ഥാപന പ്രതിനിധിയായി സെനറ്റിലേക്കു നാമനിർദേശം ചെയ്തതിലായിരുന്നു എൽഡിഎഫ് വിയോജിപ്പ്.

ക്യാംപസിനു പുറത്തുനിന്നുള്ള സ്ഥാപനത്തിലെ ശാസ്ത്രജ്ഞനെയാണു നാമനിർദേശം ചെയ്യേണ്ടതെന്ന എൽഡിഎഫ് വാദം ചാൻസലർ അംഗീകരിച്ചില്ല. കോടതിയിൽ പോയിട്ടും രവീന്ദ്രനെ സെനറ്റിൽനിന്നു പുറത്താക്കാനുള്ള നീക്കം വിജയിച്ചില്ല. സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ രവീന്ദ്രൻ നൽകിയ പത്രിക റിട്ടേണിങ് ഓഫിസർ കൂടിയായ റജിസ്ട്രാർ ഡോ. ഇ.കെ.സതീഷ് തള്ളിയതും വിവാദമായി. ചാൻസലർ രവീന്ദ്രന് അനുകൂലമായി ഉത്തരവിറക്കിയതോടെ സ്ഥാനാർഥിത്വം അംഗീകരിക്കാൻ റജിസ്ട്രാർ നിർബന്ധിതനായി. അതേ റജിസ്ട്രാറുടെ മേലധികാരിയായാണ് ഡോ. രവീന്ദ്രൻ ഇന്നലെ ചുമതലയേറ്റത്.

സ്ഥിരം വിസി നിയമനം നീളും
∙കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം വിസി നിയമനം നീളാൻ സാധ്യത. വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി ഇനിയും ആയിട്ടില്ല. കാലിക്കറ്റ് സെനറ്റ് 20നു പ്രത്യേക യോഗം ചേരുന്നുണ്ടെങ്കിലും അന്നു സെനറ്റിൽ നിന്നുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കുമോയെന്നു വ്യക്തമല്ല. സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്താലും യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ അതത് തലങ്ങളി‍ൽ നിന്ന് നിയമിക്കേണ്ടതുണ്ട്. അംഗങ്ങളുടെ പട്ടിക പൂർത്തിയായാലേ സേർച് കമ്മിറ്റി രൂപീകരിക്കൂ. തുടർന്നു വിജ്ഞാപനം ഇറക്കി നിയമന നടപടികൾ പൂർത്തിയാക്കണം. സർക്കാരും ഗവർണറും തമ്മിൽ പല കാര്യങ്ങളിലും ഭിന്നത തുടരുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ടു സ്ഥിരം വിസി നിയമനത്തിനു സർക്കാർ പച്ചക്കൊടി കാട്ടാനിടയില്ല.

ഡോ.പി.രവീന്ദ്രൻ
2005 മുതൽ സർവകലാശാലാ രസതന്ത്രം പഠന വകുപ്പിലെ അധ്യാപകനാണ് ഡോ.പി.രവീന്ദ്രൻ. മലപ്പുറം പുലാമന്തോൾ ആണു സ്വദേശം. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയുടെ ആഗോള റാങ്കിങ് അനുസരിച്ചുള്ള മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ 3 തവണ രവീന്ദ്രൻ ഇടം പിടിച്ചിട്ടുണ്ട്. ജപ്പാനിൽനിന്ന് ഗവേഷണം പൂർത്തിയാക്കിയ ശേഷമാണു കാലിക്കറ്റ് രസതന്ത്രം പഠന വിഭാഗത്തിൽ 19 വർഷം മുൻപു റീഡറായി ചേർന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നാണ് എംഎസ്‌സി കെമിസ്ട്രി ജയിച്ചത്. മദ്രാസ് ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടി. വിദേശ സർവകലാശാലകളിൽ നിന്നാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. പട്ടാമ്പി ഗവ. സംസ്കൃത കോളജ് രസതന്ത്ര വിഭാഗം മേധാവി പ്രഫ. എം.ആർ. രശ്മിയാണ് ഭാര്യ. മക്കൾ: ലക്ഷ്മി, ഗൗരി ശങ്കർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com