വിദേശ മദ്യക്കുപ്പിയിൽ പുൽച്ചാടി; രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Mail This Article
മലപ്പുറം∙ വിദേശമദ്യക്കുപ്പിയിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ മദ്യക്കമ്പനിയും ബവ്റിജസ് കോർപറേഷനും 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. എടപ്പാൾ വട്ടംകുളം കുറ്റിപ്പാല കളരിവീട്ടിൽ ബാബു നൽകിയ പരാതിയിലാണ് പുതുച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും ബവ്‌റിജസ് കോർപറേഷനും എതിരായ വിധി. എടപ്പാൾ കണ്ടനകത്തെ ബവ്റിജസ് കടയിൽനിന്ന് 2022 നവംബറിൽ വാങ്ങിയ മദ്യക്കുപ്പിയിലാണ് പ്രാണിയെ കണ്ടത്. അൽപം ഒഴിച്ചു കഴിച്ച ശേഷമാണ് കുപ്പിക്കുള്ളിൽ അഴുകിയ പുൽച്ചാടിയെ കണ്ടത്.
മദ്യക്കുപ്പിക്കു വേണ്ടി പ്രത്യേകം തയാറാക്കുന്ന ഗ്വാല അടപ്പാണ് ഉപയോഗിച്ചത്. എന്നിട്ടും അകത്ത് അഴുകിയ പ്രാണിയെ കണ്ടെത്തിയത് വിതരണക്കമ്പനിയുടെ വീഴ്ചയാണെന്നായിരുന്നു ആരോപണം. പ്രാണിയുള്ള മദ്യം കഴിച്ചശേഷം മനംപുരട്ടലും ഛർദിയുമുണ്ടായി. 950 രൂപ പരമാവധി വിലയിട്ടിരുന്ന മദ്യക്കുപ്പിക്ക് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ആരോപണം പൂർണമായി നിഷേധിക്കുന്ന നിലപാടാണ് മദ്യക്കമ്പനിയും ബവ്റിജസ് കോർപറേഷനും സ്വീകരിച്ചത്.
എന്നാൽ, തവനൂർ ഫുഡ് സേഫ്റ്റി ഓഫിസറുടെ റിപ്പോർട്ട്, പരാതിക്കു പിന്നാലെ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത 93 മദ്യക്കുപ്പികളുടെ പരിശോധനാ റിപ്പോർട്ട്, കോഴിക്കോട് മേഖലാ ലാബിൽനിന്നു ലഭിച്ച പരിശോധനാഫലം എന്നിവ പരിഗണിച്ച കമ്മിഷൻ പരാതിക്കാരന്റെ വാദം ശരിവച്ചു. സേവനത്തിൽ വീഴ്ച വരുത്തിയതിന് മദ്യക്കമ്പനി 2,00,000 രൂപയും ബവ്‌റിജസ് കോർപറേഷൻ 50,000 രൂപയും കോടതിച്ചെലവായി 25,000 രൂപയും അധികമായി ഈടാക്കിയ 160 രൂപയും ഒരു മാസത്തിനകം പരാതിക്കാരനു നൽകണം. വീഴ്ച വരുത്തിയാൽ 9% പലിശ നൽകണമെന്നും പ്രസിഡന്റ് കെ.മോഹൻദാസ്, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവരുൾപ്പെടുന്ന കമ്മിഷൻ ഉത്തരവിട്ടു.