ADVERTISEMENT

തിരുനാവായ ∙ ആ കുഞ്ഞുകൂടുകളിൽ ലാളനയോടെ അടയിരിപ്പാണ് അമ്മപ്പക്ഷികൾ. തോട് പൊട്ടിച്ച് പുറത്തെത്തിയ കുഞ്ഞുപക്ഷികൾക്ക് അമ്മയ്ക്കൊപ്പം കാവലിനുണ്ട് നാട്ടുകാരും. ഇതാണ് സൗത്ത് പല്ലാർ കായലിലെ മരച്ചില്ലകളിൽ കൂടുകൂട്ടിയ പക്ഷികളുടെ മഴക്കാല വിശേഷം. എത്രയോ വർഷങ്ങൾക്കു മുൻപ് സൗത്ത് പല്ലാറിലെ മരച്ചില്ലകളിലേക്കു കടൽ താണ്ടി പറന്നെത്തിയ പക്ഷിക്കൂട്ടങ്ങളെ ഇനിയും ദേശാടനപ്പക്ഷികൾ എന്നു വിളിക്കാനാവില്ല. ഇവ അത്രയേറെ ബന്ധം സ്ഥാപിച്ച് ഈ നാട്ടുകാരായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഓപ്പൺ ബിൽ സ്റ്റോക്കെന്ന ചേരാക്കൊക്കൻ. പിന്നെ, ചിന്നമുണ്ടി, ചെറുമുണ്ടി, പെരുമുണ്ടി, കാലിമുണ്ടി, ചായമുണ്ടി, കന്യാസ്ത്രീ കൊക്ക്, ചൂളൻ എരണ്ട, താമരക്കോഴി, നീലക്കോഴി, ചേരാക്കോഴി, കുളക്കോഴി, നീർക്കാക്ക, തിത്തിരിപ്പക്ഷി, പാതിരാകൊക്ക്, കുളക്കൊക്ക്, നീർക്കാട, അരിവാൾകൊക്കൻ, വയൽക്കോതിക്കത്രിക, നീലക്കോഴി, തൂക്കണാംകുരുവി... അങ്ങനെ എണ്ണിയാൽ തീരാത്ത പക്ഷിക്കൂട്ടമാണിവിടെ.

ഇവിടെയൊരു മരത്തിൽ നിറയെ ഓപ്പൺ ബിൽ സ്റ്റോക്കെന്ന ചേരാക്കൊക്കന്മാരുടെ കൂടുകളാണ്. കൂടിരിക്കുന്ന ചില്ലകളിൽ അമ്മപ്പക്ഷികളും ഇണകളും മുട്ട വിരിയുന്നതും നോക്കി കാത്തിരിക്കുന്നതു കാണാം. ചില കൂടുകളിൽ കുഞ്ഞിക്കിളികളുടെ കൊഞ്ചൽ ശബ്ദവും കേൾക്കാം. മറ്റു പക്ഷികളുടെ കൂടുകൾക്കു ചുറ്റുമുള്ള അന്തരീക്ഷവും ഇതു തന്നെയാണ്. ചേരാക്കൊക്കന്മാരുടെ സംസ്ഥാനത്തെ ഏറ്റവും വലിയ കോളനി ഇവിടെയാണെന്നാണു കരുതുന്നത്.

മുട്ടയിട്ടു കാത്തിരിക്കുന്ന പക്ഷിക്കൂട്ടം തനിച്ചാണെന്നു കരുതേണ്ട. അവയ്ക്കു കാവലൊരുക്കി നാട്ടുകാരുമുണ്ട്. അധ്യാപകനായ സൽമാൻ കരിമ്പനയ്ക്കലും സംഘവുമാണ് ഇതിനു പിന്നിൽ. പക്ഷിനിരീക്ഷകയായ ശ്രീനില മഹേഷിനെ പോലുള്ളവരും രംഗത്തുണ്ട്. പക്ഷിവേട്ടയ്ക്കെതിരെ ഇവർ നടത്തുന്ന പോരാട്ടം കൂടിയാണ് ദേശാടനത്തിനെത്തിയ പക്ഷിക്കൂട്ടം ഇവിടെ സ്ഥിരതാമസമാക്കാൻ കാരണം. ഇവയുടെ പ്രാധാന്യവും പക്ഷിവേട്ട നടത്തരുതെന്നുമുള്ള വനം വകുപ്പിന്റെ അഭ്യർഥനയുമടങ്ങുന്ന ബോധവൽക്കരണ നോട്ടിസ് സൽമാന്റെ നേതൃത്വത്തിൽ വീടുവീടാന്തരം എത്തിച്ചിട്ടുണ്ട്. എന്നും പക്ഷിക്കൂടുകളുടെ സമീപമെത്തി ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com