ഒരേ ദിവസം പിതാവും മകനും ഉൾപ്പെടെ മൂന്നു പേരുടെ ഷോക്കേറ്റുള്ള മരണം: ആലിപ്പറമ്പ് നടുങ്ങി
Mail This Article
പെരിന്തൽമണ്ണ∙ ഒരേ ദിവസം രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ മൂന്നു പേരുടെ ഷോക്കേറ്റുള്ള മരണം ആലിപ്പറമ്പിനു നടുക്കമായി. 4 കിലോമീറ്ററിനുള്ളിലാണ് 2 ദുരന്തങ്ങളും നടന്നത്. മികച്ച കർഷകനായിരുന്ന അഷ്‌റഫ് പാറക്കണ്ണി പാടശേഖര സമിതി സെക്രട്ടറിയും ഒൻപതാം വാർഡ് കേരസമിതി കൺവീനറുമായിരുന്നു. സ്വന്തം സ്ഥലത്തെ ചേനക്കൃഷിയിടത്തിൽ പന്നിക്കൂട്ടത്തിന്റെ ശല്യം അകറ്റാൻ വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ആലിപ്പറമ്പിൽ കൃഷിയിടങ്ങളെല്ലാം പന്നിക്കൂട്ടത്തിന്റെ ഭീഷണിയിലാണ്. പന്നിശല്യത്തിന് തടയിടണമെന്ന ആവശ്യവുമായി പല തവണ അധികൃതരെ സമീപിച്ചു.
എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. രാവിലെ പത്തോടെയാണ് അഷ്‌റഫ് വയലിലേക്കു പോയത്. ഉച്ചയായിട്ടും കാണാതായതോടെയാണു മകൻ അമീൻ മുഹമ്മദും മകൾ മുഹ്സിനയും വീട്ടിൽനിന്ന് 150 മീറ്ററോളം അകലെയുള്ള കൃഷിയിടത്തിലെത്തിയത്. വൈദ്യുതവേലിയിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമീൻ മുഹമ്മദിനും ഷോക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയവർ വൈദ്യുതി ബന്ധം വിഛേദിച്ച് ഇരുവരെയും പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അഷ്റഫിന്റെ കയ്യിലുണ്ടായിരുന്ന കൈക്കോട്ട് വൈദ്യുതവേലിയിൽ തട്ടിയാകാം ദുരന്തമെന്നാണു പൊലീസിന്റെ നിഗമനം. കൃഷിയിടത്തിലെ വൈദ്യുതവേലി വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരെത്തി അഴിച്ചുമാറ്റി. പെരിന്തൽമണ്ണയിൽനിന്നുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ഒടമലയിൽ അയൽവീട്ടിലെ പ്ലാവിൽനിന്നു ചക്ക പറിക്കുന്നതിനിടെ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റു മരിച്ച വട്ടപ്പറമ്പിൽ കുഞ്ഞിമുഹമ്മദ് ഏറെക്കാലമായുള്ള പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയതാണ്. വിവിധ ജോലികൾ ചെയ്‌തുവരികയായിരുന്നു. അതിനിടെയാണ് മരണം തേടിയെത്തിയത്.