തടസ്സങ്ങൾ നീങ്ങി; സാംപിൾ പരിശോധനയ്ക്ക് മൊബൈൽ ലാബ് ഇന്നെത്തും
Mail This Article
മഞ്ചേരി ∙ നിപ്പ സാഹചര്യത്തിൽ സ്രവ സാംപിൾ പരിശോധനയ്ക്ക് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ബയോ സേഫ്റ്റി ലവൽ 3 (ബിഎസ്എൽ 3) ലബോറട്ടറി ഇന്നു മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിക്കും. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിനു സമീപം വാഹനം നിർത്താനാണു തീരുമാനം. സ്രവപരിശോധന വേഗത്തിലാക്കാൻ മൊബൈൽ ലാബ് എത്തിക്കുമെന്നു കഴിഞ്ഞദിവസം മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. അതനുസരിച്ച് 2 ദിവസങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ കോളജിലെത്തി സ്ഥലം പരിശോധിച്ചു.
സ്ഥലസൗകര്യം അനുയോജ്യമെങ്കിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനറേറ്ററിന്റെ ശേഷി, വെള്ളം, വൈദ്യുതി, മാലിന്യ സംസ്കരണം തുടങ്ങിയ സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. തടസ്സങ്ങൾ നീങ്ങിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച മൊബൈൽ ലാബ് ഇന്നു മഞ്ചേരിയിലെത്തിച്ച് അടുത്തദിവസം പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൺട്രോൾ സെല്ലിൽനിന്നു റിപ്പോർട്ട് ചെയ്യുന്ന ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ പരിശോധനയാണു നടത്തുക. 2022ലാണ് ഐസിഎംആർ മൊബൈൽ ലാബ് രൂപകൽപന ചെയ്തത്. നിപ്പ, സിക, ഏവിയൽ ഫ്ലൂ, കോവിഡ് സാംപിൾ പരിശോധനാ ഫലം വേഗത്തിലാക്കാനാകും.