നിപ്പ സാംപിളുകളെല്ലാം നെഗറ്റീവ്; മലപ്പുറത്തിന് ആശ്വാസദിനം
Mail This Article
മലപ്പുറം∙ ആശ്വാസത്തിന്റെ നാലാം ദിനം. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പരിശോധിച്ച 16 സാംപിളുകളും നെഗറ്റീവ് ആയതോടെ ഇത്തവണ നിപ്പ ബാധ സ്ഥിരീകരിച്ചതിനുശേഷം ഇതുവരെയെടുത്ത സാംപിളുകളെല്ലാം നെഗറ്റീവ് ആയി. ഇന്നലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളിൽ പനി സർവേയുണ്ടായിരുന്നു. ആകെ 26,431 വീടുകളാണ് ഇതുവരെ സർവേ ചെയ്തത്. ആനക്കയം പാണ്ടിക്കാട് പഞ്ചായത്തുകളിലെ എല്ലാം വീടുകളിലും ഇന്ന് സർവേ പൂർത്തിയാകും. 224 പേർക്ക് ഇന്നലെ കൗൺസലിങ് നൽകി.
പ്രോട്ടോക്കോൾ പ്രകാരം പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലും ജില്ല മൊത്തമായും കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുമെന്നു കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. പുതിയ ഇളവുകൾ ഇന്നലെ പ്രഖ്യാപിച്ചിട്ടില്ല. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കലക്ടർ വി.ആർ.വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.