എരമംഗലത്ത് പ്രതിഷേധം ശക്തമായി; റോഡുകൾ നന്നാക്കുന്നു
Mail This Article
എരമംഗലം ∙ പ്രതിഷേധം ശക്തമായതോടെ എരമംഗലത്തെ തകർന്ന റോഡുകൾ പൊതുമരാമത്ത് വകുപ്പ് നന്നാക്കി തുടങ്ങി. മഴയും വാട്ടർ അതോറിറ്റിയുടെ പൈപ്പിടലും കാരണം പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിലെ എരമംഗലം മേഖലകളിൽ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തിരുന്നു. കുമ്മിപ്പാലം മുതൽ നാക്കോല വരെ ശക്തമായ മഴയിൽ റോഡിലെ കുഴികളിൽ വെള്ളക്കെട്ട് ഉണ്ടാകുകയായിരുന്നു. ഗർഭിണി അടക്കം ഒട്ടേറെപ്പേർക്ക് കുഴികളിൽ വീണു പരുക്കേറ്റു ചികിത്സയിലാണ്.
റോഡ് നന്നാക്കാത്തതിനെതിരെ എരമംഗലത്തെ നാട്ടുകാർ സംസ്ഥാന പാത ഉപരോധിച്ചു. ബസ് സർവീസ് വരെ നിർത്തിവച്ചു സമരം നടത്താൻ ബസ് തൊഴിലാളികൾ തീരുമാനിച്ചതിനിടയിലാണ് റോഡ് നന്നാക്കുന്ന നടപടി ആരംഭിച്ചത്. പൈപ്പിടാൻ പൊളിച്ച ഭാഗങ്ങളിൽ മണ്ണ് മാത്രം ഇട്ടതോടെ മഴയിൽ വലിയ വാഹനങ്ങൾ അടക്കം താഴ്ന്നു പോയി.മഴയ്ക്കു ശമനം വന്നതോടെ ഇന്നലെ മുതൽ താഴത്തേൽപടിയിലെ റോഡാണ് കുഴികൾ നികത്തുന്ന ജോലികൾ നടക്കുന്നത്.മെറ്റൽ വിരിച്ച ശേഷം ടാറിങ് നടത്താനാണ് തീരുമാനം.