നാശം വിതച്ച് ചുഴലിക്കാറ്റ്; കരുവാരകുണ്ട് മേഖലയിൽ 25 വീടുകൾ തകർന്നു, ലക്ഷങ്ങളുടെ കൃഷിനാശം
Mail This Article
കരുവാരകുണ്ട് ∙ മേഖലയിൽ വീശിയ ശക്തമായ കാറ്റിൽ കൽക്കുണ്ട്, കേരള, മഞ്ഞൾപ്പാറ, കൂനമ്മാവ്, തുവ്വൂരിലെ കുണ്ട്‍ലാംപാടം പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ വീണ് 25ലേറെ വീടുകൾക്കു നാശമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. കേരള നീരോലിക്കൽ ജോഷി, നീരോലിക്കൽ ചാക്കോ, പട്ട കുഞ്ഞീൻ, പുത്തൻപ്പറമ്പിൽ ലില്ലി, പൂളക്കൽ ഉമ്മർകോയ, കുണ്ട്‍ലാംപാടം തളിയങ്ങൽ സുഭാഷ്, ഗോപാലകൃഷ്ണൻ, അരിക്കുഴിയിൽ ശാരദ, അരവിന്ദാക്ഷൻ, ആയിഷ മണ്ണൂർക്കര, മമ്പാടൻ അഷ്റഫ്, പട്ടത്തൊടിക സൈതലവി, കല്ലിടുമ്പൻ സൈതലവി, മുസല്യാരകത്ത് അബ്ദു, കോഴിപ്പാടൻ നഫീസ്, ഉലുവാൻകുണ്ട് അഷ്റഫ്, മമ്പാടൻ മറിയ, വടക്കുംപറമ്പൻ അൻവർ സാദത്ത്, പൂഴിക്കുന്നൻ മുഹമ്മദ്, ചെമ്മലപ്പടി പുതിയാട്ടിൽ ജംഷീർ കൽക്കുണ്ട്, തൂംപുന്നേൽ ബേബി, പൂച്ചപ്പടി കെ.സമീർ, മുഹമ്മദ്, തസ‍്‍ലിം തുടങ്ങിയവരുടെ വീടുകളാണു മരങ്ങൾ വീണു ഭാഗികമായി തകർന്നത്. നരിയക്കംപൊയിൽ വിഷ്ണു താമസിക്കുന്ന ഷെഡ് പൂർണമായി നിലംപൊത്തി.
കൽക്കുണ്ട് മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശമുണ്ട്. കാറ്റിന്റെ ശക്തിയിൽ വൻ മരങ്ങൾ പൊട്ടിവീണു വൈദ്യുത തൂണുകൾ വ്യാപകമായി ഒടിഞ്ഞു. ജാതി, റബർ, വാഴ, കൊക്കോ, തേക്കുമരങ്ങൾ തുടങ്ങിയ നശിച്ചു. മാണിക്കാംപറമ്പിൽ ഡോണി, കുരീക്കാട്ടിൽ ജോൺ, ഉപ്പുമാക്കൽ ബെന്നി, നെടുമ്പള്ളി ജോസ്,ആനപ്പാറ സജി തുടങ്ങിയവരുടെ ജാതി റബർ, കൊക്കോ, വാഴ തുടങ്ങിയ വിളകൾ നശിച്ചു. മരങ്ങൾ വീണു കൽക്കുണ്ടിലേക്കു ഗതാഗതം നിലച്ചു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ വ്യാപകമായി റബർ മരങ്ങൾ കടപുഴകി. അഗ്നി രക്ഷാസേന, സിവിൽ ഡിഫൻസ് ഫോഴ്സ്, ട്രോമകെയർ, നാട്ടുകാർ എന്നിവർ ചേർന്നു മരങ്ങൾ മുറിച്ചു മാറ്റി.
കാറ്റിൽ വൈദ്യുതക്കാലുകൾ നിലംപൊത്തി; നാട് ഇരുട്ടിൽ; വണ്ടൂർ, പോരൂർ, തിരുവാലി കെഎസ്ഇബി സെക്‌ഷൻ പരിധികളിലായി കാറ്റിൽ തകർന്നതു നൂറോളം വൈദ്യുതക്കാലുകൾ
വണ്ടൂർ ∙ കലിതുള്ളി പെയ്ത മഴയോടൊപ്പം വീശിയടിച്ച കനത്ത കാറ്റിൽ വണ്ടൂർ, പോരൂർ, തിരുവാലി കെഎസ്ഇബി സെക്‌ഷൻ പരിധികളിലായി നൂറോളം വൈദ്യുതക്കാലുകൾ തകർന്നു. മൂന്നൂറിലേറെ സ്ഥലങ്ങളിൽ മരം വീണു കമ്പി പൊട്ടി. വാണിയമ്പലം സെക്‌ഷൻ പരിധിയിലാണു കൂടുതൽ നാശമുണ്ടായത്. കൂരാട്, പൂച്ചപ്പൊയിൽ, ഏമങ്ങാട്, താളിയംകുണ്ട്, മണ്ണഴിക്കളം, പൂങ്ങോട് ഭാഗങ്ങളിലായി 46 വൈദ്യുതക്കാലുകൾ തകർന്നു. വണ്ടൂരിൽ 25, തിരുവാലിയിൽ 20 വീതം പോസ്റ്റുകളും നിലംപൊത്തി.
നിലവിലുള്ള ജീവനക്കാർക്കും കരാർ ജീവനക്കാർക്കും പുറമേ കൂടുതൽ പേരെ എത്തിച്ചാണു വൈദ്യുതി പുനഃസ്ഥാപിക്കാൻ പ്രവൃത്തി നടക്കുന്നത്. തകർന്ന പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്നതിനാൽ മിക്കയിടത്തും വൈദ്യുതി എത്താൻ നാളെക്കൂടി കാത്തിരിക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. ലൈനുകളിൽ വീണ മരം വെട്ടിമാറ്റാൻ അഗ്നിരക്ഷാസേനയുടെയും ട്രോമകെയർ പ്രവർത്തകരുടെയും സഹായം തേടി. ഇന്നലെ അങ്ങാടികളിലും ആശുപത്രികളുള്ള മേഖലകളിലും വൈദ്യുതി എത്തിച്ചു. കിഴിശ്ശേരി ലൈൻ ശരിയാക്കിയാണു വണ്ടൂർ 33 കെവി സബ്സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കിയത്. അതും ഇടയ്ക്കിടെ മുടങ്ങിയതു വിതരണത്തെ ബാധിച്ചു.
വൈദ്യുതി പോസ്റ്റ്:കാറ്റിൽ വീണത് 10, കാട്ടാന തകർത്തത് 6
മൂത്തേടം ∙ കാട്ടാനയും കാറ്റും വൈദ്യുതി പോസ്റ്റുകൾ തകർത്തതിനെ തുടർന്നു മൂത്തേടത്തു വൈദ്യുതിവിതരണം മുടങ്ങി. കാരപ്പുറം ചോളമുണ്ട ഭാഗങ്ങളിലാണു കാട്ടുകൊമ്പൻ വൈദ്യുത ക്കാലുകൾ തകർത്തത്. തോട്ടങ്ങളിലുടെ വരുന്ന വൈദ്യുതി ലൈനിലേക്കു മരങ്ങളും തെങ്ങുകളും തള്ളിയിട്ടു പോസ്റ്റുകൾ വീഴ്ത്തുകയായിരുന്നു. 6 പോസ്റ്റുകളും ലൈനുകളും തകർന്നു. മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ മരത്തിൻകടവ്, മൂപ്പിനി, ചെമ്മന്തിട്ട, മരുതങ്ങാട്, പേരൂപ്പാറ ഭാഗങ്ങളിൽ 10 പോസ്റ്റുകളാണു പൊട്ടിവീണത്. ഒട്ടേറെയിടങ്ങളിൽ മരങ്ങളും ശിഖരങ്ങളും പതിച്ചു ലൈനുകളും പൊട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയും വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല.