കുഞ്ഞുമായി കാമുകിക്കൊപ്പം കടന്ന യുവാവ് ബംഗാളില് അറസ്റ്റിൽ; കൈവശം 4 ലക്ഷം രൂപയോളം കള്ളനോട്ട്
Mail This Article
തിരൂരങ്ങാടി ∙ ഒരു വയസ്സുള്ള കുഞ്ഞുമായി കടന്നുകളഞ്ഞ പിതാവിനെ ബംഗാളിൽനിന്നു പൊലീസ് കണ്ടെത്തി നാട്ടിലെത്തിച്ചു. 4 ലക്ഷം രൂപയോളം കള്ളനോട്ട് കൈവശം വച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ പടിക്കൽ തെക്കുംപാട്ട് ആലിങ്ങത്തൊടി മുഹമ്മദ് സഫീറിനെ (30) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ജൂൺ 25ന് 12.45നാണ് മകൾ ഇയാന മെഹ്റിനുമായി ഇദ്ദേഹം പോയത്. സുഹൃത്തിന്റെ കല്യാണത്തിന് പോകാനുണ്ടെന്നും കുട്ടിയെ ഒരുക്കിനിർത്തണമെന്നും ഭാര്യയോട് ഫോണിൽ അറിയിക്കുകയായിരുന്നു. വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോയ ശേഷം ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് കൊണ്ടോട്ടിയിലെ ലോഡ്ജിൽനിന്ന് ഒരു സ്ത്രീയും 4 വയസ്സുള്ള കുട്ടിയും ഓട്ടോയിൽ കയറി പോകുന്നതായി സിസിടിവിയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫീർ ബംഗാൾ സ്വദേശിയായ യുവതിയോടൊപ്പം പോയതാണെന്ന് മനസ്സിലായത്. ടവർ ലൊക്കേഷൻ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് യുവാവിനെയും കുഞ്ഞിനെയും കണ്ടെത്തിയത്.
യുവതിയെ അഞ്ചര മാസം മുൻപ് ഇൻസ്റ്റഗ്രാമിലാണ് സഫീർ പരിചയപ്പെട്ടത്. 4 വയസ്സുള്ള കുട്ടിയുടെ അമ്മയായ ഇവർ ഭർത്താവുമായി വേർപിരിഞ്ഞതാണ്. ചെന്നൈയിൽ കൂൾബാർ നടത്തുകയായിരുന്ന സഫീറിനു കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സഫീറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ 791 കള്ളനോട്ടുകൾ ലഭിച്ചത്. ഈ കേസിൽ 2 പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി മാതാവിനു വിട്ടുനൽകി.
ബംഗാൾ സ്വദേശിനിയെയും ഇവരുടെ 4 വയസ്സായ കുട്ടിയെയും റെസ്ക്യു ഹോമിലാക്കി. വിവാഹസമയത്ത് ഭാര്യയ്ക്ക് നൽകിയ 20 പവനും കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന 4 പവനോളം സ്വർണാഭരണവും യുവാവ് കൈവശപ്പെടുത്തിയതായി ഭാര്യയുടെ വീട്ടുകാർ പരാതിപ്പെട്ടു. ഡിവൈഎസ്പി വി.വി.ബെന്നി, ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസൻ, എസ്ഐമാരായ ബിജു, സതീശൻ, രഞ്ജിത്ത്, എസ്‍സിപിഒമാരായ രാഗേഷ്, ധീരജ്, പ്രജീഷ്, മുരളി, ഷൈജു, സിപിഒ ജിതിൻ, സ്ക്വാഡ് അംഗങ്ങളായ ബിജോയ്, പ്രബീഷ്, വനിത സിപിഒമാരായ സുജാത, സരിത, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.