കുന്നിടിച്ചതിനാൽ അപകടഭീഷണി; കെടിഡിസി ഹോട്ടൽ അടച്ചുപൂട്ടി
Mail This Article
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് അപകടഭീഷണിയിലായ കെടിഡിസി ഹോട്ടൽ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. മിനിപമ്പയിൽ ടൂറിസം വകുപ്പിന്റെ ഹോട്ടൽ ആരാമാണ് പ്രവർത്തനം നിർത്തിവച്ചത്. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി മിനിപമ്പയിൽ നിർമിക്കുന്ന മേൽപാതയുടെ അപ്രോച്ച് റോഡിനായാണ് കഴിഞ്ഞ മാസം ഹോട്ടലിന്റെ മുൻവശത്ത് മണ്ണ് ഇടിച്ചുതാഴ്ത്തിയത്.
കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിന്റെ തൊട്ടടുത്തുവരെ ഇടിച്ചുതാഴ്ത്തിയതോടെയാണ് കെട്ടിടം അപകടാവസ്ഥയിലായത്. ദേശീയപാത നിർമാണ കമ്പനി കുന്നിടിച്ചു താഴ്ത്തിയതിനുശേഷം മഴയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് ഭീതി ഉയർന്നത്. കെട്ടിടത്തിന്റെ മുൻവശം ഇടിച്ചുതാഴ്ത്തിയത് സുരക്ഷാ ക്രമീകരണങ്ങൾ നടത്താതെയാണെന്നു പരാതിയുണ്ട്.
ഉറപ്പില്ലാത്ത മണ്ണുള്ള ഭാഗത്ത് സുരക്ഷാഭിത്തി നിർമിച്ചിട്ടില്ല. മണ്ണെടുത്ത ഭാഗത്ത് അടിവശത്തുനിന്ന് കോൺക്രീറ്റ് ഭിത്തി നിർമിച്ച് ഉയർത്തണമെന്നിരിക്കെ ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. കനത്ത മഴയിൽ കുന്ന് ഇനിയും ഇടിയാനുള്ള സാധ്യതയുണ്ട്. ഇതേ തുടർന്നാണ് ടൂറിസം വകുപ്പ് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടിയത്. അപകട സാധ്യതയെ തുടർന്ന് ഹോട്ടലിന് മുന്നിലുള്ള വൈദ്യുതക്കാലുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത അധികൃതരോട് വിവരം അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.