ADVERTISEMENT

മഞ്ചേരി ∙ മലപ്പുറം ഡിപ്പോയുടെ ഊട്ടി സൂപ്പർ ഫാസ്റ്റ് ബസ് 6 വർഷത്തിനു ശേഷം വീണ്ടും ജപ്തി ചെയ്തു. 2006 ഏപ്രിൽ 19ന് രാമപുരം നാറാണത്ത് വച്ച് വറ്റലൂർ എഎംഎൽപി സ്കൂൾ പ്രധാനാധ്യാപിക കോഴിക്കോട് ഡിപ്പോയുടെ ബസ് ഇടിച്ചു മരിച്ച കേസിൽ നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്നാണ് മഞ്ചേരി മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) നടപടി. ഇന്നലെ രാവിലെ 10ന് ജപ്തി ചെയ്ത ബസ് 10 ദിവസത്തിനകം പണം നൽകാമെന്ന് കെഎസ്ആർടിസി അറിയിച്ചതിനെത്തുടർന്ന് വൈകിട്ട് 5.10ന് വിട്ടുകൊടുത്തു.

മരിച്ച പ്രധാനാധ്യാപികയുടെ ഭർത്താവും 3 മക്കളും കെഎസ്ആർടിസി എംഡി, കുറ്റിക്കാട്ടൂർ ടി.കെ.സെയ്താലി എന്നിവരെ എതിർകക്ഷിയായി നൽകിയ കേസിലാണ് ജപ്തി. നാറാണത്ത് ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു അപകടം. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടിയിരുന്ന  ബസ് ആണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ 2011 ഒക്ടോബർ 10ന് 14,26,470 രൂപ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ വിധിച്ചിരുന്നു. എന്നാൽ ഇതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് പലിശയും കോടതിച്ചെലവും ഉൾപെടെ 32,80,684 രൂപയാണ് ഇനി നൽകാനുള്ളത്. 

ഇന്നലെ രാവിലെ ഗൂഡല്ലൂരിൽ പോയി മടങ്ങിയ ഊട്ടി ബസിന്റെ ആദ്യ സർവീസ് മലപ്പുറത്തെത്തിയ ഉടനെയായിരുന്നു ജപ്തി. ബസിൽ യാത്രക്കാരെന്ന നിലയിൽ ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാനെത്തിയ ആമീനും മറ്റും ഉണ്ടായിരുന്നു. സ്റ്റാൻഡിൽ വച്ച് യാത്രക്കാരെല്ലാവരും ഇറങ്ങിയതോടെ ആമീൻ ബസ് ജപ്തി ചെയ്യുകയാണെന്ന് കണ്ടക്ടറെ അറിയിക്കുകയും നോട്ടിസ് പതിക്കുകയും ചെയ്തു.

തുടർന്ന് ആമീനൊപ്പമുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ ബസ് മഞ്ചേരി കോടതിയിലെത്തിച്ചു. വിവരം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ കെഎസ്ആർടിസിയുടെ ഉന്നതോദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നാണ് പണം നൽകാൻ അവധി ചോദിച്ച് ബസ് തിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് കടന്നത്. 

സംഭവം മഞ്ചേരി എംഎസിടിയുടെ പരിധിയിലുള്ള സ്ഥലത്തായതുകൊണ്ടും പരാതിക്കാരുടെ ആവശ്യം പരിഗണിച്ചുമാണ് മലപ്പുറം ഡിപ്പോയുടെ പ്രധാന സർവീസ് ആയ ഊട്ടി ബസ് ജപ്തി ചെയ്യാൻ നടപടി സ്വീകരിച്ചതെന്നാണ് വിവരം. മുൻപ് പല തവണ ഇതേ ബസ് ജപ്തി ചെയ്തിട്ടുണ്ടെങ്കിലും 2018ന് ശേഷം ആദ്യമാണ്. 

മുടങ്ങാതെ ഊട്ടി സർവീസ്
മലപ്പുറം ഡിപ്പോയുടെ പ്രധാന സർവീസ് ആയ ഊട്ടി ബസ് ജപ്തി ചെയ്തെങ്കിലും സർവീസ് മുടങ്ങാതിരിക്കാൻ കെഎസ്ആർടിസിയുടെ അടിയന്തര നയതന്ത്രം. ജില്ലയിലെയും കോഴിക്കോട്ടെയും നീലഗിരി സർവീസുകളുടെ സ്പെയർ ആയി ഉപയോഗിക്കുന്ന നിലമ്പൂരിലെ ഫാസ്റ്റ് പാസഞ്ചർ ബസ് ഉപയോഗിച്ചാണ് ഇന്നലെ സർവീസ് പുനഃക്രമീകരിച്ചത്. ഇതോടെ റിസർവേഷൻ യാത്രക്കാരടക്കമുള്ളവരെ ഊട്ടിയിലേക്കും തിരിച്ചും എത്തിക്കാനായി. 

രാവിലെ 4.10ന് ഗൂഡല്ലൂരിലേക്ക് പോയി തിരിച്ച് 10 മണിയോടെ എത്തുന്ന ബസ് 11നാണ് ഊട്ടിയിലേക്കു പോകുന്നത്. എന്നാൽ ബസ് ജപ്തി ചെയ്തതോടെ അടിയന്തര സാഹചര്യമൊരുക്കേണ്ട സ്ഥിതിയായി. മലപ്പുറത്തു നിന്നുള്ള 3 റിസർവേഷൻ യാത്രക്കാരുമുണ്ടായിരുന്നു. ഇതിനായി ഇവരടക്കമുള്ള യാത്രക്കാരെ 11.30ന് ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ഡീലക്സ് ബസിൽ കയറ്റി നിലമ്പൂരിലെത്തിച്ചു. അവിടെ നിന്ന് ഇതേ ബസിലെ ജീവനക്കാരും യാത്രക്കാരും സ്പെയർ ബസിൽ കയറി ഊട്ടിയിലേക്കു പോയി. വൈകിട്ട് തിരിച്ച് യാത്രക്കാർ നിലമ്പൂരിലും അവിടെ നിന്ന് വീണ്ടും സൂപ്പർ ഡീലക്സ് ബസിൽ മലപ്പുറത്തേക്കും സർവീസ് നടത്തി. 

അന്തർ സംസ്ഥാന സർവീസ് ആയതിനാൽ മലപ്പുറത്തു നിന്നുള്ള ഊട്ടി ബസിന് പകരം മറ്റൊരു ബസ് ഡിപ്പോയിൽ നിന്ന് അയയ്ക്കാനാകില്ല. കോഴിക്കോട്, പെരിന്തൽമണ്ണ ഡിപ്പോകളിലേതടക്കമുള്ള 10 ബസുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പകരം ഓടിക്കാനായാണ് പ്രത്യേകം അന്തർ സംസ്ഥാന പെർമിറ്റുള്ള മറ്റൊരു ബസ് നിലമ്പൂരിൽ കരുതുന്നത്.

English Summary:

Malappuram Depot's Ooty Super Fast Bus impounded again after 6 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com