ADVERTISEMENT

മഞ്ചേരി∙കൊൽക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ പ്രതിഷേധത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നു. സുരക്ഷാ അലാം സ്ഥാപിക്കാനും കൂടുതൽ സുരക്ഷാജീവനക്കാരെ നിയമിക്കാനും ആശുപത്രി വികസനസമിതി തീരുമാനിച്ചു. സുരക്ഷാസംവിധാനം ശക്തമാക്കുന്നതു സംബന്ധിച്ചു തിരുവനന്തപുരത്തു  പ്രിൻസിപ്പൽമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു. 

ആശുപത്രിയില്‍ കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കും. കൂട്ടിരിപ്പുകാരുടെ എണ്ണം കുറയ്ക്കും. ആശുപത്രിയിൽ രാത്രി തങ്ങുന്ന, രോഗികളല്ലാത്തവർക്കു പ്രത്യേക പാസ് ഏർപ്പെടുത്തും. രാത്രി ആശുപത്രിയിലേക്കു പ്രവേശനം ഒരു കവാടത്തിലൂടെയാക്കും. സുരക്ഷാ ജീവനക്കാരായി നിയമിക്കാന്‍ വിമുക്തഭടന്‍മാരെ ലഭിക്കാത്ത സാഹചര്യത്തില്‍ സായുധസേനയില്‍നിന്നു വിരമിച്ചവരെ പരിഗണിക്കും. 

ഹൗസ് സര്‍ജൻമാരുടെ ക്വാര്‍ട്ടേഴ്സിനു സമീപം ആളുകൾ പ്രവേശിക്കുന്നതു നിയന്ത്രിക്കും. ഡോക്ടര്‍മാര്‍ക്കു സുരക്ഷിത സ്ഥലം അനുവദിക്കും. സന്ദർശനസമയം വൈകിട്ട് 4 മുതൽ 7 വരെയാക്കി. നിർമാണം പുരോഗമിക്കുന്ന കെട്ടിടസമുച്ചയങ്ങൾ നൂറുദിന പദ്ധതിയിൽ പൂർത്തിയാക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. കലക്ടർ വി.ആർ.വിനോദ് ആധ്യക്ഷ്യം വഹിച്ചു. യു.എ.ലത്തീഫ് എംഎൽഎ, നഗരസഭാധ്യക്ഷ വി.എം.സുബൈദ, പ്രിൻസിപ്പൽ ഡോ.കെ.കെ.അനിൽ രാജ്, സൂപ്രണ്ട് ഡോ.ഷീന ലാൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

ഫൊറൻസിക് ഡോക്ടർമാരെ നിയമിക്കാൻ ആവശ്യപ്പെടും

മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈകിട്ട് 8 വരെ പോസ്റ്റ്മോർട്ടം നടത്തും. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളജുകളിലും 8 വരെ ആക്കി ഉത്തരവിറങ്ങി. ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാകും. നിലവിലുള്ള ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തിയാണു പോസ്റ്റ്മോർട്ടം സമയം വര്‍ധിപ്പിക്കുന്നത്. 2 ഫൊറന്‍സിക് ഡോക്ടർമാരുടെയും 3 ജീവനക്കാരെയും അധികമായി നിയമിക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com