ജൂലൈയിലെ കമ്മിഷൻ പോലും കിട്ടിയില്ല: റേഷൻ ഡീലർമാർ
Mail This Article
തിരൂർ ∙ റേഷൻ വ്യാപാരികളുടെ പ്രതിമാസ വേതനം മുൻകൂറായി അനുവദിച്ചെന്നു ധനമന്ത്രി പറഞ്ഞെങ്കിലും ജൂലൈയിലെ കമ്മിഷൻ പോലും ഇതുവരെ ലഭിച്ചില്ലെന്നു റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. ഓണത്തോട് അനുബന്ധിച്ച് 51 കോടി രൂപ റേഷൻ വ്യാപാരികളുടെ കമ്മിഷൻ നൽകുന്നതിനായി മുൻകൂറായി അനുവദിച്ചെന്നാണു മന്ത്രി പറഞ്ഞിരുന്നത്.
എന്നാൽ ഇതു പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. കോവിഡ് കാലത്തു വിതരണം ചെയ്ത 10 മാസത്തെ കിറ്റ് കമ്മിഷൻ കുടിശിക ഓണത്തിനു മുൻപു നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ല. റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും അർഹമായ ഓണോത്സവ ബത്ത അനുവദിക്കണമെന്നു സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, എൻ.മുഹമ്മദാലി, സി.മോഹനൻ പിള്ള, ബി.ഉണ്ണിക്കൃഷ്ണ പിള്ള, എ.എ.റഹീം, ഇ.ശ്രീജൻ, ഉണ്ണി കുറ്റിപ്പുറം, എം.മണി എന്നിവർ ആവശ്യപ്പെട്ടു.