ആനയും കുട്ടിയും ചുരത്തിൽ തുടരുന്നത് കടുവയെ പേടിച്ച്
Mail This Article
എടക്കര ∙ ആനയും കുട്ടിയും ചുരം പാതയോരം വിട്ടുപോകാത്തത് കടുവയുടെ ആക്രമണം ഭയന്ന്. കഴിഞ്ഞ 3 ആഴ്ചയോളമായി ചുരം പാതയോരത്ത് ആനയും കുട്ടിയും പതിവുകാഴ്ചയാണ്. ആനക്കുട്ടികളെ കടുവകൾ ആക്രമിച്ച് കൊല്ലുന്നുണ്ടെന്നും ഇതിൽ നിന്നു രക്ഷതേടിയാണ് ഉൾക്കാട് വിട്ട് ആനയും കുട്ടിയും ജനവാസ കേന്ദ്രത്തിലെത്തിയതെന്നുമാണ് വനപാലകർ പറയുന്നത്.
ഒരു മാസം മുൻപ് പുഞ്ചക്കൊല്ലിക്ക് മുകളിൽ മുത്തപ്പൻ പുഴയോരത്ത് ആനക്കുട്ടിയെ കടുവ ആക്രമിച്ച് കൊന്ന് മാംസം തിന്നുന്നത് വനപാലകർ കണ്ടിരുന്നു. ആനക്കുട്ടി ചരിഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു വനപാലകർ. ഇതിനു മുൻപും ചുരം വനമേഖലയിൽ ആനക്കുട്ടികളെ കടുവകൾ ആക്രമിച്ചു കൊന്നിട്ടുണ്ട്.
കാടിറങ്ങിയെത്തുന്ന കൂട്ടത്തിലെ മറ്റു ആനകൾ കാട്ടിലേക്ക് പോയാലും തള്ളയാനയും കുട്ടിയും ഇവിടംവിട്ട് പോകാറില്ല. ചുരം പാതയിലോ അതല്ലെങ്കിൽ താഴ്‌വാരത്തെ ജനവാസ കേന്ദ്രങ്ങളിലോ ആയി തങ്ങുകയാണ് ചെയ്യുന്നത്. കടുവകളുടെ ആക്രമണത്തിൽ നിന്നു രക്ഷതേടാനാകുന്ന പ്രായമാകും വരെ സുരക്ഷിതമായ ഇടങ്ങളിലാണ് തള്ളയാനകൾ കുട്ടികളുമായും നിൽക്കുക.