സർക്കാർ ഉദ്യോഗസ്ഥരുടെ ചെണ്ടുമല്ലിക്കൃഷി പൂത്തുലഞ്ഞു
Mail This Article
പെരിന്തൽമണ്ണ ∙ പൊന്നോണത്തെ വരവേൽക്കാൻ പെരിന്തൽമണ്ണ മിനി സിവിൽ സ്‌റ്റേഷനിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലിത്തോട്ടം. റവന്യു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് കെട്ടിടത്തിനു മുകളിലെ ടെറസിൽ ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയത്. രാവിലെ ജോലിക്ക് കയറുന്നതിനു മുൻപും വൈകിട്ടുമെല്ലാം നട്ടു നനച്ചും പരിപാലിച്ചും ഒരുക്കിയ തോട്ടം കാണുന്നവർക്ക് കണ്ണിന് കുളിർമയേകും. പല വർണങ്ങളിലുള്ള പൂക്കളാൽ സമൃദ്ധമാണ് തോട്ടം.
മിനി സിവിൽ സ്‌റ്റേഷനിലെ ഓണാഘോഷത്തിന് ഈ പൂക്കൾ ഉപയോഗിച്ച് പൂക്കളങ്ങൾ ഒരുക്കും. മുൻപ് ജീവനക്കാരുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറി കൃഷിക്ക് സ്ഥാപിച്ച മഴമറയ്‌ക്കുള്ളിലാണ് ചെണ്ടുമല്ലി ചെടികൾ വളർത്തിയത്. കൃഷി വകുപ്പിൽ നിന്ന് ഗ്രോബാഗുകളും ചെണ്ടുമല്ലി ചെടികളും ലഭ്യമാക്കി. തഹസിൽദാർ ഹാരിസ് കപൂർ, ഡപ്യൂട്ടി തഹസിൽദാർമാരായ ജയ്‌സന്റ് മാത്യു, പി.മണികണ്ഠൻ, ക്ലാർക്കുമാരായ കെ.എം.അനിൽ, പി.ജിജിൻ, റാഷിദ്, ഡ്രൈവർ കെ.സുനിൽ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.