ADVERTISEMENT

തിരൂർ ∙ തീരം തഴുകിയുള്ള യാത്ര വിജയമായതോടെ സർവീസുകളുടെ എണ്ണം കൂട്ടി കെഎസ്ആർടിസി. പൊന്നാനി – പരപ്പനങ്ങാടി പാതയിലാണ് എട്ടാമത്തെ ഓട്ടവും കെഎസ്ആർടിസി തുടങ്ങിയത്. പൊന്നാനിയിൽനിന്നു ചമ്രവട്ടം പാലം കടന്ന് ആലിങ്ങൽ, മംഗലം വഴി കൂട്ടായിയിലേക്കു കയറുന്ന ബസ് വാക്കാട്, പറവണ്ണ, ഉണ്യാലിലൂടെ സഞ്ചരിച്ചു താനൂർ ടൗണിലേക്കു കയറും. ഇവിടെനിന്ന് ഒട്ടുംപുറം, ഒട്ടുമ്മൽ വഴി പരപ്പനങ്ങാടിയിലെത്തും.

2022 നവംബറിൽ 3 സർവീസുകളായാണ് ഈ കടലോരപാത വഴി കെഎസ്ആർടിസി ഓട്ടം തുടങ്ങിയത്. പൊന്നാനി ഡിപ്പോയും മലപ്പുറം ഡിപ്പോയുമാണു ബസ് ഓടിക്കുന്നത്. ഈ വഴിയുള്ള സർവീസിനു യാത്രക്കാരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്. സാധാരണ യാത്രക്കാർക്കു പുറമേ തീരദേശം വഴിയുള്ള യാത്രയ്ക്കായി മാത്രവും ബസിൽ പലരും കയറിത്തുടങ്ങി. വൈകിട്ടത്തെ സർവീസുകളിൽ അസ്തമയ സമയത്തെ കടലോരം കാണാമെന്നതും പ്രത്യേകതയായി. 

ഇതോടെയാണ് കൂടുതൽ സർവീസുകൾ നടത്താനുള്ള തീരുമാനം വന്നതും പൊന്നാനി ഡിപ്പോ പുതിയ സർവീസ് ആരംഭിച്ചതും. ഇതോടെ ആകെ 8 സർവീസുകളായി. പുതിയ ബസ് യാത്ര രാവിലെ 7.40ന് പൊന്നാനിയിൽനിന്ന് ആരംഭിക്കും. 9.40ന് പരപ്പനങ്ങാടിയിൽ എത്തും. ഈ വണ്ടി 10ന് പരപ്പനങ്ങാടിയിൽനിന്ന് തിരികെ ഓടി 12ന് പൊന്നാനിയിൽ തിരിച്ചെത്തും.

രാവിലെ പൊന്നാനി, ചമ്രവട്ടം എന്നിവിടങ്ങളിൽനിന്നു കൂട്ടായി, മലയാള സർവകലാശാല, തുഞ്ചൻ കോളജ്, താനൂർ ഗവ.കോളജ് എന്നിവിടങ്ങളിൽ എത്തേണ്ട വിദ്യാർഥികൾക്ക് ഈ സർവീസ് ഏറെ ഉപകാരമാകും. കൂട്ടായി ഭാഗത്തുനിന്നു പരപ്പനങ്ങാടിയിലേക്കും തിരിച്ചുമുള്ള ആദ്യത്തെയും അവസാനത്തെയും ബസ് നിലവിൽ കെഎസ്ആർടിസിയുടേതാണ്. പുതിയ പാതയിൽ ഓട്ടം തുടങ്ങി 2 വർഷം തികയും മുൻപു സർവീസുകളുടെ എണ്ണം എട്ടായി ഉയർന്നതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ.

English Summary:

Responding to the success of its coastal route initiative, KSRTC has launched a new bus service connecting Ponnani and Parappanangadi. This eighth route promises improved connectivity and convenience for residents along the coast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com