'പ്രവേശിച്ചാൽ 500 രൂപ പിഴ'; ബോർഡ് മാറ്റി: ഓട്ടോറിക്ഷയ്ക്ക് ധൈര്യമായി കയറാം, കോഴിക്കോട് വിമാനത്താവളത്തിൽ
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾക്കു പ്രവേശനം നിഷേധിച്ച് വിമാനത്താവള കവാടത്തിൽ സ്ഥാപിച്ച ബോർഡ് അധികൃതർ നീക്കി. വിമാനത്താവളത്തിൽ പ്രവേശിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നു ബോർഡ് വച്ചതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. എയർപോർട്ട് അതോറിറ്റിയുടെ ട്രാഫിക് നിബന്ധനകൾ അനുസരിച്ച് ഓട്ടോറിക്ഷകൾക്കു വിമാനത്താവളത്തിൽ അനുമതിയില്ല. എങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ ഓട്ടോറിക്ഷകളെ തടഞ്ഞിരുന്നില്ല. ഓഗസ്റ്റ് 16 മുതൽ ട്രാഫിക് പരിഷ്കരണം
നിലവിൽ വന്നതിന്റെ ഭാഗമായാണ് ‘ഓട്ടോറിക്ഷയ്ക്ക് പ്രവേശനമില്ല’ എന്ന പുതിയ ബോർഡ് എയർപോർട്ട് അതോറിറ്റി സ്ഥാപിച്ചത്. ദേശീയപാതയോരത്ത് ബസ് ഇറങ്ങി ഓട്ടോ വിളിച്ചാണു പലരും വിമാനത്താവളത്തിലെത്തുന്നത്. ബോർഡ് നീക്കിയതോടെ ഇനി മുതൽ യാത്രക്കാരുമായി ടെർമിനലിനു മുൻപിലേക്കു പോകാൻ തടസ്സമുണ്ടാകില്ല. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കാൻ നേരത്തേ തന്നെ വിമാനത്താവള കവാടത്തിനു പുറത്ത് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.