ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവള വികസനത്തിനു മണ്ണെടുക്കാൻ സാങ്കേതിക തടസ്സങ്ങൾ. രാജ്യാന്തര വിമാനത്താവള വികസന പ്രവൃത്തിയായിട്ടും നടപടികൾ വേഗത്തിലാക്കാൻ ഇടപെടൽ ഇല്ലെന്നാണ് ആക്ഷേപം. ഒരു മാസം മുൻപു സ്ഥലം ഒരുങ്ങിയിട്ടും ഒരു ലോഡ് മണ്ണുപോലും എത്തിക്കാനായിട്ടില്ല. മണ്ണ് കിട്ടാനുള്ള അനുമതി വൈകിയാൽ വിമാനത്താവള ജോലി നീളുമെന്ന് ആശങ്ക. റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ പ്രദേശമായ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഹരിയാന കേന്ദ്രമായ ഗവാർ കൺസ്ട്രക്‌ഷൻ കമ്പനിയാണു കരാർ ഏറ്റെടുത്തിട്ടുള്ളത്.

സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്കു കൈമാറിയ 12.5 ഏക്കർ സ്ഥലത്തെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കി. മരങ്ങൾ മുറിച്ചുമാറ്റി. ഇനി രണ്ടറ്റങ്ങളിലും 150 മീറ്റർ നീളത്തിലും 90 മീറ്റർ വീതിയിലും മണ്ണിട്ട് ഉയർത്തണം. എന്നാൽ, ഇതുവരെ മണ്ണെടുക്കാനുള്ള അനുമതിയായിട്ടില്ല. അപേക്ഷ സമർപ്പിച്ചിട്ടും നടപടി നീളുന്നുവെന്ന് വിമാനത്താവള അധികൃതരും നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ജിയോളജി വകുപ്പും പറയുന്നു. വിമാനത്താവള വികസനത്തിന് ഏകദേശം 35 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വേണമെന്നാണു കണക്കാക്കുന്നത്.

പരിസ്ഥിതി അനുമതി ഉൾപ്പെടെ കേന്ദ്ര സർക്കാർ അനുമതിയുള്ള 75 സ്ഥലങ്ങളിൽനിന്നാണ് വിമാനത്താവള വികസനത്തിനായി മണ്ണെടുക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ 19 സ്ഥലങ്ങളുടെ രേഖകളാണു ശരിയാക്കിയത്. സ്ഥലത്തിന്റെ സർവേ നടത്തി വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം തയാറാക്കി. മണ്ണുപരിശോധനയും മറ്റും പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ അനുമതിക്കായി അപേക്ഷിച്ച മുതുവല്ലൂർ വില്ലേജിലെ സ്ഥലത്തുനിന്നുപോലും മണ്ണെടുക്കാനുള്ള അനുമതിയായിട്ടില്ല.

അതേസമയം, ജിയോളജി വകുപ്പ് ചൂണ്ടിക്കാട്ടുന്നത് അനുമതിക്കുള്ള നടപടിക്രമങ്ങളാണ്. അതു പൂർത്തിയാക്കാതെ അനുമതി നൽകാനാകില്ലെന്നു രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ, ഓരോ നടപടിയും പൂർത്തിയാക്കാനുള്ള കാലതാമസമാണ് വിമാനത്താവള അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 19 മാസമാണ് പ്രവൃത്തി പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് നൽകിയ സമയം. മണ്ണെടുക്കാനുള്ള അനുമതി നീണ്ടാൽ, തുടർപ്രവൃത്തികളും നീളും. നടപടി വേഗത്തിലാക്കാൻ ഇടപെടൽ വേണമെന്നാണ് ആവശ്യം.

English Summary:

Progress on the Kozhikode Airport development project faces significant delays due to challenges in acquiring land. Despite being an international airport, the project struggles to overcome bureaucratic hurdles, impacting crucial safety infrastructure like the Runway End Safety Area (RESA) expansion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com