ADVERTISEMENT

തേഞ്ഞിപ്പലം ∙ പിൽക്കാലത്ത് രാജ്യാന്തര പ്രശസ്തരായവർ അടക്കം അനേകം താരങ്ങളുടെ ഉദയത്തിന് വേദിയായ ഇൻ‍ഡോർ സ്റ്റേഡിയത്തിന് ഇന്ന് കൊട്ടും കുരവയും ഇല്ലാതെ സുവർണ ജൂബിലി. കാലിക്കറ്റ് സർവകലാശാലയിൽ പ്രഥമ വൈസ് ചാൻസലർ പ്രഫ. എം.എം.ഗനിയുടെ കാലത്ത് സ്ഥാപിച്ച ഇൻഡോർ‍ സ്റ്റേഡിയമാണിത്. 1974ൽ സെപ്റ്റംബർ 20ന് അന്നത്തെ യൂണിവേഴ്സിറ്റി ചാൻസലറും സംസ്ഥാന ഗവർണറുമായിരുന്ന എൻ.എൻ. വാഞ്ചുവാണ് സ്റ്റേഡിയം സമർപ്പിച്ചത്. 

താരത്തിളക്കം
∙ വോളിബോൾ, ബാഡ്മിന്റൻ, ഹാൻഡ്ബോൾ തുടങ്ങി ഒട്ടേറെ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയമാണ് ഇത്. ജിമ്മി ജോർജ്, ജോസ് ജോർജ്, സാലി ജോസഫ്, ജയ്‌സമ്മാ മൂത്തേടൻ തുടങ്ങി ഇന്ത്യൻ വോളിബോളിന്റെ അഭിമാന താരങ്ങളായിരുന്ന പലരുടെയും കളിത്തട്ടായിരുന്നു സ്റ്റേഡിയം. അർ‍ജുന അവാർഡ് ജേതാവ് ബാ‌ഡ്‌മിന്റൻ താരം ജോർജ് ജോസഫ് അടക്കം ഇവിടെ നിന്ന് കായികക്കുതിപ്പ് നേടിയ താരങ്ങൾ ഏറെയാണ്. അഖിലേന്ത്യാ മത്സരങ്ങൾ പോലും നടത്തി. ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുപോലും വോളിബോൾ മത്സരങ്ങൾ‍ കാണാൻ കാണികൾ ഇരച്ചെത്തിയ ഒരു കാലമുണ്ടായിരുന്നു. 

ഇ.ജെ.ജേക്കബിന്റെ ‌നിശ്ചയദാർഢ്യം 
∙ പ്രഥമ വിസി എം.എം.ഗനിയുടെയും അന്നത്തെ കായിക ഡയറക്ടർ‍ ഇ.ജെ.ജേക്കബിന്റെയും നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ് ഇൻഡോർ‍ സ്റ്റേഡിയം. ഒരു കാലത്ത് നെൽ‍വയലിന്റെ ഭാഗമായിരുന്ന പ്രദേശത്താണ് ഇപ്പോൾ‍ ഇൻഡോർ സ്റ്റേഡിയം തലയുയർത്തി നിൽക്കുന്നത്. നിലമ്പൂരിൽ നിന്ന് എത്തിച്ച തേക്കിന്റെ പലക വിനിയോഗിച്ചാണ് അന്ന് സ്റ്റേഡിയത്തി‍ൽ നിലമൊരുക്കിയത്. കാ‍ൽ ലക്ഷത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഗാലറി ഒരുക്കിയതും അക്കാലത്താണ്. 

12 നഷ്ട വർഷം
∙ 2000 മുതൽ 2012 വരെ ഇൻഡോർ സ്റ്റേഡിയം അടച്ചിട്ട നിലയിലായിരുന്നു. തറയിൽ വിരിച്ച തേക്കു പലകകൾ പലതും ഉപയോഗശൂന്യമായതിനെ തുടർന്ന് ഒന്നിച്ച് ഇളക്കി മാറ്റുകയായിരുന്നു. ഇതിനിടെ പൊളിച്ചിട്ട ഉരുപ്പടികളിൽ ചിലത് കാണാതായി. പൊലീസ് അന്വേഷിച്ചിട്ടും മോഷ്ടാവിനെ കണ്ടെത്താനായില്ല. പൊളിച്ച് മാറ്റേണ്ടി വരുമെന്ന അവസ്ഥ പോലും അക്കാലത്ത് ഉണ്ടായി. ഡോ. എം.അബ്ദുൽ സലാം വിസിയും ഡോ. വി.പി. സക്കീർ‍ ഹുസൈ‍ൻ കായിക ഡയറക്ടറുമായി എത്തിയതോടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ ശുക്ര ദശ തെളിഞ്ഞ‍ു. 

സിന്തറ്റിക് തറ
∙ പിന്നീടാണ് തേക്ക് പലകകളുടെ സ്ഥാനത്ത് സിന്തറ്റിക് തറയൊരുക്കിയത്. മേൽക്കൂര പുതുക്കി. പെയ്ന്റിങ്ങും കഴിഞ്ഞതോടെ ഇൻഡോർ സ്റ്റേഡിയം പുതുമയുടെ നിറച്ചാർത്തായി. ഏതാനും വർഷമായി എല്ലാ വേനലിലും കായിക മത്സരങ്ങളുടെ പെരുമഴക്കാലമാണ് ഇവിടെ.  കബഡി, ഖോഖൊ തുടങ്ങി വിശാല ഹാളിനകത്ത് നടത്താവുന്ന എല്ലാ മത്സരങ്ങൾക്കും ഇവിടം വേദിയാകുന്നു. യൂണിവേഴ്സിറ്റിയെ സംബന്ധിച്ച് നല്ലൊരു വരുമാനസ്രോതസ്സുമാണ് ഇൻഡോർ‍ സ്റ്റേ‍ഡിയം.

English Summary:

The indoor stadium at Calicut University quietly celebrates its 50th anniversary today. Established in 1974 by Prof. M.M. Ghani, the stadium has been instrumental in nurturing generations of athletes who have gone on to achieve national and international recognition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com