പാതിയിൽ നിലച്ച ജീവിതങ്ങളേറെ, തകർന്നത് കുടുംബമാകെ; കാടിറങ്ങുന്നു ഭീതി..
Mail This Article
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജില്ലയിലെ മലയോര മേഖല. വന്യമൃഗങ്ങൾ കാടിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ വനത്തോടു ചേർന്നു നിൽക്കുന്ന മേഖലകളിൽ നിന്നു നേരത്തെ റിപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ജനത്തിരക്കുള്ള അങ്ങാടികളും കാടിന്റെ അതിർത്തിയിൽ നിന്നു കിലോമീറ്ററുകൾ മാറിയും വനൃമൃഗങ്ങളെത്തുന്നതു ഇപ്പോൾ പതിവു കാഴ്ചയാണ്. കൃഷി നശിപ്പിക്കുന്നതിനൊപ്പം ആളെക്കൊല്ലികളായും വന്യമൃഗങ്ങൾ മാറുന്ന കാഴ്ചയാണ് ഇപ്പോൾ. ആനയും പന്നിയും കാട്ടുപോത്തും പേടിസ്വപ്നമായി മാറിയ മലയോരത്തേക്കു മനോരമ ലേഖകർ നടത്തുന്ന യാത്ര ഇന്നുമുതൽ വായിക്കാം..
പാതിയിൽ നിലച്ച ജീവിതങ്ങളേറെ
കഴിഞ്ഞ ഒാഗസ്റ്റ് 11ന് പുലർച്ചെ 5ന് പതിവുപോലെ വീട്ടിൽ നിന്നു ജോലിക്കിറങ്ങിയതാണു മൂത്തേടം കാരപ്പുറം ബാലംകുളത്തെ കുനർക്കാടൻ ഷെഫീഖ് (34). കാളികാവിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് മൂത്തേടം - കരുളായി റോഡിൽ പാലാങ്കര പാറായപ്പടിക്കു സമീപമെത്തിയപ്പോൾ ഓടിവന്ന കാട്ടുപന്നി ബൈക്കിലിടിച്ചു. തെറിച്ചു വീണ ഷെഫീഖ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
ജില്ലയിലെ മലയോര മേഖലയിൽ റോഡപകടങ്ങളുടെ കാരണങ്ങളിലൊന്നായി വന്യമൃഗശല്യം മാറിയിക്കുന്നു. വാഹനം പന്നിയുമായി കൂട്ടിയിടിക്കുന്നതും പന്നി കുറുകെച്ചാടുന്നതുമെല്ലാം അപകടങ്ങൾക്കു കാരണമാകുന്നു. ഇത്തരം അപകടങ്ങളിൽ നാഥനെ നഷ്ടപ്പെട്ട കുടുംബങ്ങളും ഗുരുതരമായി പരുക്കേറ്റ് ദുരിതം പേറി കഴിയുന്ന ഒട്ടേറെ മനുഷ്യരും മലയോരത്തുണ്ട്. നാട്ടിലിറങ്ങിയ വന്യമൃഗങ്ങൾ കീഴ്മേൽ മറിച്ച ചില ജീവിതങ്ങളെ പരിചയപ്പെടാം..
തകർന്നത് കുടുംബമാകെ...
∙2023 ഏപ്രിൽ 2ന് തൂവൂർ പായിപ്പുല്ലിൽ കാട്ടുപന്നികൾ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാഥൻ നഷ്ടപ്പെട്ട ഒരു കുടുംബം കരുവാരക്കുണ്ടിലുണ്ട്. രാവിലെ 9 മണിക്കായിരുന്നു അപകടം. കരുവാരക്കുണ്ട് സ്വദേശി ബീരാൻ, ഭാര്യ കദീജ, ഓട്ടോ ഡ്രൈവർ മുനീർ, നാസിഫ് എന്നിവരാണു ഓട്ടോയിലുണ്ടായിരുന്നത്. മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് ബീരാന്റെ വാരിയെല്ലുകൾ നുറുങ്ങി.
കദീജയ്ക്കും മറ്റുള്ളവർക്കും പരുക്കേറ്റു. ബീരാനെ ആദ്യം പാണ്ടിക്കാടും പിന്നീട് പെരിന്തൽമണ്ണയിലും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 11 ദിവസം നീണ്ട ചികിത്സയ്ക്കു ചെലവായതു 1.29 ലക്ഷം രൂപ. വനം വകുപ്പിനു പരാതി നൽകുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളെക്കുറിച്ച് കുടുംബത്തന് അറിയില്ലായിരുന്നു. അതിനാൽ, നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല.
തിരിഞ്ഞുനോക്കാതെ അധികൃതർ
∙ മൂന്ന് മാസം മുൻപാണ് പൂക്കോട്ടുംപാടത്തുനിന്ന് ജോലി കഴിഞ്ഞ് പുല്ലങ്കോട്ടിലെ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ ചോക്കാട് പുല്ലങ്കോട്ടിലെ മൂക്കുമ്മൽ ഫൈസൽ ബാബു(42)വിനെ കാട്ടുപന്നി ആക്രമിച്ചത്. തോളെല്ലടക്കം പൊട്ടി ഗുരുതരമായ പരുക്കേറ്റ ഇദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. മൂന്ന് മാസമായിട്ട് ഇതുവരെ ചികിത്സാ ചെലവ് പോലും ലഭിച്ചിട്ടില്ല. അപേക്ഷ നൽകി കാത്തിരിക്കുകയാണ്. മൂന്ന് മാസം ജോലിക്ക് പോകാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പന്നികൾ മാത്രമല്ല, ആനയും കാട്ടുപോത്തുമെല്ലാം ഏതു നിമിഷവും അപകടവുമായി മുന്നിലെത്തിയേക്കാമെന്ന ഭീതി മലയോര ജനതയുടെ മനസ്സിലുണ്ട്.
∙ 2021 മെയ് 18നാണ് കരുവാരക്കുണ്ട് തരിശിൽ നാട്ടിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ് വാലയിൽ ഷാജി (44) മരണപ്പെട്ടത്. ജനവാസ കേന്ദ്രത്തിലൂടെ പരിഭ്രാന്തി പരത്തി ഓടിയ കാട്ടുപോത്ത് ഷാജിയെ കുത്തി വീഴ്ത്തുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യക്ക് താൽക്കാലിക ജോലിയും വനം വകുപ്പ് നൽകിയിട്ടുണ്ട്.ചോക്കാടൻ മലവാരത്ത് കഴിഞ്ഞ വർഷം മാവോയിസ്റ്റ് വേട്ടക്ക് പോയ തണ്ടർബോൾട്ട് പൊലീസ് ടീമിനെയും വന്യമൃഗങ്ങൾ വെറുതെവിട്ടില്ല. കരടിയുടെ അക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണു സംഘം രക്ഷപ്പെട്ടത്.
മലയോരത്ത് നേരത്തെ രാത്രി കാലങ്ങളിലായിരുന്നു കാട്ടുപന്നികളിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പട്ടാപ്പകൽ ഇവ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോലും സ്വൈരവിഹാരം നടത്തുന്നു. ഒരാഴ്ച മുൻപാണ് എടക്കര പാലുണ്ടയിലെ സൈക്കിൾ ഷോപ്പിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. നിരത്തിവച്ചിരുന്ന സൈക്കിളുകൾ മുഴുവൻ കുത്തിമറിച്ചു. ഷോപ്പിലുണ്ടായിരുന്ന ജീവനക്കാർ മുകളിലെ നിലയിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ഇതിനു മുൻപാണ് ചുങ്കത്തറ ടൗണിലെ പച്ചക്കറിക്കടയിലും സ്റ്റേഷനറി കടയിലും പന്നി കയറി ഭീതി സൃഷ്ടിച്ചത്. - തയാറാക്കിയത് : ലാൽ നിലമ്പൂർ, ഷാജി എടക്കര, പി.അബ്ദുൽ ഷുക്കൂർ.