ADVERTISEMENT

മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് സ്ഥിരീകരിച്ച എംപോക്സ് ക്ലെയ്ഡ് 1 ബി ഇനം (സ്ട്രെയ്ൻ) താരതമ്യേന അപകടം കുറഞ്ഞത്. പശ്ചിമാഫ്രിക്കൻ എംപോക്സ് ഇനമായാണ് ഇത് അറിയപ്പെടുന്നത്. ക്ലെയ്ഡ് 1, ക്ലെയ്ഡ് 2 ഇനങ്ങൾ അപകടവും മരണനിരക്കും കൂടിയവയാണ്. 

ക്ലെയ്ഡ് 1, ക്ലെയ്ഡ് 2 ഇനങ്ങൾ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കോ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കോ പകരാവുന്നതാണ്. എന്നാൽ ക്ലെയ്ഡ് 1 ബി മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് മാത്രമേ പകരൂ. ക്ലെയ്ഡ് 1, 2 എന്നിവയിൽ 10 മുതൽ 15 ശതമാനം വരെയാണ് മരണനിരക്ക്. എന്നാൽ ക്ലെയ്ഡ് 1 ബി ബാധിച്ചവരിൽ 1 മുതൽ 3 ശതമാനം വരെ മാത്രമാണ് മരണനിരക്ക്. 

ക്ലെയ്ഡ് 1 സെൻട്രൽ ആഫ്രിക്കൻ ഇനമായും ക്ലെയ്ഡ് 2 കോങ്കോ നദീതട ഇനമായും ആണ് അറിയപ്പെടുന്നത്. ഇവ രണ്ടും സമാന സ്വഭാവമുള്ളതുമാണ്. ക്ലെയ്ഡ് 1 ബി ഇനം നൈജീരിയ, ഘാന തുടങ്ങിയ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലാണ് കണ്ടത്. മഞ്ചേരിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

സമ്പർക്കത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. ചിക്കൻപോക്സിനേക്കാൾ വലിയ കുമിളകളാണ് എംപോക്സിന്റെ പ്രത്യേകത. മുഖത്തടക്കം കുമിളകൾ പൊങ്ങും. പനി, തലവേദന, പേശിവേദന എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ.

 നിരീക്ഷണം കർശനമാക്കി
മഞ്ചേരി ∙ എംപോക്സ് ക്ലെയ്ഡ് വൺ ബി ഇനം സ്ഥിരീകരിച്ചതോടെ ചാത്തല്ലൂർ സ്വദേശിയുമായി സമ്പർക്കത്തിൽ കഴിയുന്നവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പ് കൂടുതൽ ശക്തമാക്കി.പ്രാഥമിക സമ്പർക്കപ്പട്ടികയിൽ കഴിയുന്ന എടവണ്ണയിലെ 29 പേരെയും ആരോഗ്യ വകുപ്പ് വിളിച്ച് ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്.

ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരന്റെ സ്രവ സാംപിൾ വീണ്ടും പരിശോധനയ്ക്ക് അയച്ചു. മൂന്നാമത്തെ തവണയാണ് സാംപിൾ ശേഖരിച്ച് പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുന്നത്.

English Summary:

A young man in Malappuram, Kerala, is undergoing treatment for the less dangerous MPox Clade 1B strain. Health officials are closely monitoring his contacts and report no further cases. This strain has a lower mortality rate compared to other MPox strains.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com