ADVERTISEMENT

പൊന്നാനി ∙ കപ്പൽ തുറമുഖ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. പൊന്നാനിയിൽ ചരക്കു നീക്കവും ടൂറിസം പദ്ധതിയും മുന്നിൽ കണ്ട് കപ്പൽ ടെർമിനൽ നിർമിക്കുന്നതിനും നടത്തിപ്പിനും സ്വകാര്യ കമ്പനിക്ക് ചുമതല ഏൽപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാലുടൻ ടെൻഡർ നടപടികളിലേക്കു കടക്കും. ഒരു മാസത്തിനകം ഒൗദ്യോഗിക നടപടികൾ ആരംഭിക്കുമെന്ന് പി.നന്ദകുമാർ എംഎൽഎ പറഞ്ഞു. ഇന്നലെ മന്ത്രിക്കൊപ്പം എംഎൽഎയും യോഗത്തിലുണ്ടായിരുന്നു. 

മാരിടൈം ബോർഡ് പദ്ധതി തയാറാക്കി
പൊന്നാനി തുറമുഖത്ത് കപ്പൽ ടെർമിനൽ നിർമിക്കുന്നതിനായി മാരിടൈം ബോർഡ് മുൻകയ്യെടുത്ത് നിലവിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇൗ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ നിർമാണ–നടത്തിപ്പ് ചുമതലകളുമായി ബന്ധപ്പെട്ടുള്ള രൂപരേഖയുണ്ടാക്കുക. തുറമുഖ നിർമാണത്തിനായി  സ്വകാര്യ കമ്പനിക്ക് പൊന്നാനി കടൽ തീരം വിട്ടു നൽകുകയും നടത്തിപ്പ് ചുമതല ഉൾപ്പെടെ നൽകിക്കൊണ്ടുള്ള കരാർ ഉറപ്പിക്കാനുമാണ് ധാരണയായിരിക്കുന്നത്. 

താൽപര്യമറിയിച്ച് നിക്ഷേപകർ
നിക്ഷേപകർ പലരും ഇതിനോടകം തന്നെ താൽപര്യമറിയിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ വാണിജ്യ തുറമുഖ നിർമാണത്തനായി സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നെങ്കിലും പദ്ധതി പാതിവഴിപോലുമെത്താതെ മുടങ്ങിപ്പോയ സാഹചര്യമുണ്ടായിരുന്നു. എന്നാൽ, അതിവേഗം നടപ്പാക്കാൻ കഴിയുന്നതും കുറഞ്ഞ ചെലവിൽ ലാഭകരമായി നിർമിക്കാൻ കഴിയുന്നതുമായ പദ്ധതിയാണ് നിലവിൽ ആസൂത്രണം ചെയ്യുന്നത്. യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ, പി.നന്ദകുമാർ എംഎൽഎ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, പോ‍ർട്ട് സെക്രട്ടറി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

ബേപ്പൂരിനേക്കാൾ സാധ്യത ഏറെ
ബേപ്പൂരിനേക്കാൾ കൂടുതൽ ആഴം കൂട്ടാനും വലിയ കപ്പലുകൾക്ക് അടുക്കാനും പൊന്നാനിയിൽ സാധ്യതയും സൗകര്യവും ഏറെയായതിനാൽ സംസ്ഥാനത്തെ മികച്ച തുറമുഖമായി പൊന്നാനിയെ ഉയർത്തിയെടുക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.  

English Summary:

The Government of Kerala has announced the implementation of the Ponnani Port project through a public-private partnership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com