പുല്ലിപ്പുഴയോരത്ത് സർവേ തുടങ്ങി
Mail This Article
തേഞ്ഞിപ്പലം ∙ പുല്ലിപ്പുഴയോരത്ത് ചേലേമ്പ്ര കരയിൽ സർവേ തുടങ്ങി. പാറക്കടവ് മുതൽ മുനമ്പത്തുകടവ് വരെ 2.5 കിലോമീറ്ററിലാണു സർവേ നടത്തിയത്. 1989ലെ റീ സർവേയെ തുടർന്ന് നാട്ടിയ അതിർത്തിക്കല്ലുകളിൽ 40% സ്ഥലത്തേതും കാണാനില്ലെന്നു കണ്ടെത്തി.
കല്ലുകൾ കാണാതായ പ്രദേശങ്ങളിൽ സ്ഥാന നിർണയത്തിനായി തൊട്ടടുത്ത കല്ലിൽ നിന്ന് 3 ദിശകളിലേക്ക് നിശ്ചിത അകലം കണക്കാക്കി സ്ഥലത്തിന്റെ സ്കെച്ച് വരയ്ക്കുന്ന ജോലി ഇന്നു തുടങ്ങും.
തുടർന്ന് കല്ല് പുനഃസ്ഥാപിക്കാനുള്ള സ്ഥലം സ്ഥിരീകരിച്ച ശേഷം അടയാളപ്പെടുത്തും. ഭൂവുടമകളെ എത്തിച്ച് അവരുടെ സാന്നിധ്യത്തിൽ പിന്നീടു കല്ല് പുനഃസ്ഥാപിക്കും.
ഭൂവുടമകളുടെ സാന്നിധ്യത്തിൽ അവരുടെ പൂർണ സമ്മതത്തോടെ കല്ലിടൽ പൂർത്തിയാക്കണമെന്ന നിലയ്ക്കാണ് അധികൃതരുടെ നീക്കം.
കയ്യേറ്റത്തിന്റെ അളവ് അറിയാൻ സർവേ പൂർത്തിയാക്കി കല്ലിടും വരെ കാത്തിരിക്കേണ്ടിവരും. സർവേ പൂർത്തിയാൽ പുഴയോര നടപ്പാത, ഹാപ്പിനസ് പാർക്ക് എന്നിവയ്ക്ക് സ്ഥലം ലഭിക്കുമെന്നാണു പ്രതീക്ഷ. ചേലേമ്പ്ര പഞ്ചായത്ത് അധികൃതരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലാണു സർവേ നടത്താൻ കാരണം.
മലപ്പുറം ജില്ലയിൽപെട്ട ചേലേമ്പ്ര കരയിലും കോഴിക്കോട് ജില്ലയിൽപെട്ട ഫറോക്ക്, രാമനാട്ടുകര നഗരസഭാ പരിധികളിലുമായി പാറക്കടവ് മുതൽ പൂന്തോട്ടത്തിൽ അരു വരെ 7 കിലോമീറ്ററിലാണ് സർവേ നടത്താനുള്ളത്. പുല്ലിപ്പുഴയും കനോലി കനാലും അതിരിടുന്ന പാറക്കടവിൽ നിന്നാണ് സർവേ തുടങ്ങിയത്. കൊണ്ടോട്ടി താലൂക്ക് സർവേയർ കെ.രാജന്റെ നേതൃത്വത്തിലാണ് സർവേ
. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സമീറ, വൈസ് പ്രസിഡന്റ് കെ.പിദേവദാസ്, അംഗങ്ങളായ അനിത സുനി, എം.കെ.അസ്‌ലം, ഇക്‌ബാൽ പൈങ്ങോട്ടൂർ, അസീസ് പാറയിൽ എന്നിവർ നേതൃത്വം നൽകി.
ചെലവ് ചേലേമ്പ്ര പഞ്ചായത്താണു നൽകുന്നത്. അതിർത്തി നിർണയ ശേഷം സ്കെച്ച് ലഭിച്ചാൽ ഒട്ടേറെ പദ്ധതികൾ പൂർത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സർവേ ഒരു മാസത്തിനകം പൂർത്തിയാക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.