അങ്ങാടിപ്പുറം റെയിൽവേ അണ്ടർപാസ്: സ്ഥലം സന്ദർശിച്ച് എംപി
Mail This Article
പെരിന്തൽമണ്ണ∙ അങ്ങാടിപ്പുറത്തെ ചാത്തനനല്ലൂരിൽ ഏഴുകണ്ണിപ്പാലത്തിനു സമീപം റെയിൽവേ അണ്ടർപാസ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം ഇ.ടി.മുഹമ്മദ് ബഷീർ എംപി സന്ദർശിച്ചു. കൂടെയുണ്ട് എംപി പഞ്ചായത്ത് സംഗമത്തിനായി അങ്ങാടിപ്പുറത്ത് എത്തിയതായിരുന്നു എംപി. യുഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ചാത്തനല്ലൂർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പ്രദേശത്തെ ക്ലബ് ഭാരവാഹികളും വാർഡംഗം പി.പി.ശിഹാബും അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിച്ചുനൽകി. സ്ഥലത്തുവച്ചു തന്നെ റെയിൽവേ ഡിവിഷൻ എംഡിആർഎമ്മുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.
റെയിൽവേയുടെ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. മുൻപ് അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്ന് അദ്ദേഹം ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെട്ട അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലെ വിവിധ നവീകരണ–നിർമാണ പ്രവർത്തനങ്ങൾക്കു ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം അണ്ടർപാസ് സംബന്ധിച്ച് റെയിൽവേ അധികൃതർ അറിയിച്ചത്.
ദേശീയപാതയിൽ അങ്ങാടിപ്പുറത്തെയും മേൽപാലത്തിലെയും കുരുക്കഴിക്കാൻ ലക്ഷ്യമിടുന്ന റെയിൽവേ അടിപ്പാത നിർമിക്കണമെന്ന് മലയാള മനോരമ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ‘നിലമ്പൂരിലേക്ക് വേണം റൈറ്റ് ട്രാക്ക്’ പരമ്പരയിലും തുടർന്നു നടന്ന ആശയക്കൂട്ടായ്മയിലും മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
അടിപ്പാത നിർമിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കാമെന്ന് അങ്ങാടിപ്പുറം പഞ്ചായത്തും പഞ്ചായത്ത് അനുവദിക്കുന്ന തുക കഴിച്ച് ആവശ്യമായ മുഴുവൻ തുകയും നൽകാമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പഞ്ചായത്ത് പദ്ധതിക്കായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
അങ്ങാടിപ്പുറം, പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയ്ക്കു വരുന്ന ഏഴുകണ്ണിപാലത്തിന് സമീപം ചാത്തനല്ലൂരിൽ പ്രത്യേക തുരങ്കം നിർമിച്ച് അണ്ടർപാസ് നിർമിക്കാനാണു പദ്ധതി. തുരങ്കമൊരുക്കിയാൽ ഇരുവശങ്ങളിലും നിലവിൽ റോഡുണ്ടെന്നതിനാൽ പദ്ധതിക്ക് ചെലവു കുറവാണ്.
പദ്ധതിയുടെ സാധ്യതാപഠനം നടത്തി ലൊക്കേഷൻ മാപ്പും 3.08 കോടി രൂപയുടെ റഫ് എസ്‌റ്റിമേറ്റും ഇതിനകം റെയിൽവേ തയാറാക്കിയതാണ്. പദ്ധതി യാഥാർഥ്യമായാൽ അങ്ങാടിപ്പുറത്ത് ദേശീയപാതയിലെ കുരുക്കഴിക്കാമെന്നതിനു പുറമേ ഓരാടംപാലത്തുനിന്ന് ചെറുകിട വാഹനങ്ങൾക്ക് 3.8 കി.മീ. യാത്ര ചെയ്‌താൽ പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസ് ജംക്‌ഷനിലെ അൽശിഫ ജംക്‌ഷനിലെത്താം.
അങ്ങാടിപ്പുറത്തു നടന്ന ‘കൂടെയുണ്ട് എംപി’ സംഗമത്തിൽ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള റെയിൽവേ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഷിജു എം.സാമുവൽ ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് നിവേദനം നൽകി.