ADVERTISEMENT

നിലമ്പൂർ ∙ സിപിഎം - പി.വി.അൻവർ എം എൽഎ പോരിൽ നിലമ്പൂരിന്റെ സ്വപ്ന പദ്ധതികൾ തടസ്സപ്പെടുമോ എന്ന് ആശങ്ക വളരുന്നു. നിലമ്പൂരിൽ വികസനം വന്നില്ലെങ്കിൽ ഉത്തരവാദി അൻവർ എംഎൽഎയാണെന്ന് 27ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു. ചന്തക്കുന്നിൽ പിറ്റേന്ന് നടത്തിയ പൊതുയോഗത്തിൽ മണ്ഡലം വികസനത്തിന് മോഹൻദാസ് തടസ്സം നിൽക്കുകയാണെന്ന് അൻവർ എംഎൽഎ തിരിച്ചടിച്ചു. നേതാക്കളുടെ വാക്പോര് മുറുകി വികസനം സ്തംഭിക്കുമോ എന്ന ആശങ്കയിലാണ് പൊതുസമൂഹം. കാൽ നൂറ്റാണ്ടായി ജനം സ്വപ്നം കാണുന്ന നിലമ്പൂർ ബൈപാസ് ഒരിഞ്ചു മുന്നോട്ടു പോയില്ല.

നിലമ്പൂർ ഗവ. കോളജിന് അഞ്ചാം മൈലിൽ കണ്ടെത്തിയ ഭൂമിയിൽ സ്ഥാപിച്ച ബോർഡ് നിലംപൊത്തി കാടുമൂടിയ നിലയിൽ
നിലമ്പൂർ ഗവ. കോളജിന് അഞ്ചാം മൈലിൽ കണ്ടെത്തിയ ഭൂമിയിൽ സ്ഥാപിച്ച ബോർഡ് നിലംപൊത്തി കാടുമൂടിയ നിലയിൽ

ആകെ ദൈർഘ്യം 6 കിലോമീറ്ററാണ്. അദ്യഘട്ടം 2014 ൽ ടെൻഡർ ചെയ്തു.  ചക്കാലക്കുത്ത് വരെ 2 കിലോമീറ്റർ പാർശ്വഭിത്തി കെട്ടി മണ്ണിട്ടു നികത്തി. തുടർന്നു പണി മുടങ്ങിയിട്ടു വർഷങ്ങളായി. ഏറ്റെടുത്ത ഭൂമി, വീട് എന്നിവയ്ക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഇരകളെ കൂട്ടി എംഎൽഎ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടു.  ഇതോടെയാണ് പദ്ധതിക്ക് വീണ്ടും അനക്കം വച്ചത്. ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്ഥലങ്ങൾ സന്ദർശിച്ചു പരിശോധന തുടങ്ങി. നഷ്ടപരിഹാരം വിതരണത്തിനും മറ്റുമായി 150 കോടി രൂപ വേണം. പണം കിട്ടാത്തത് മോഹൻദാസിന്റെ എതിർപ്പു മൂലമാണെന്നാണ് ആരോപണം.  2016 ൽ നിലമ്പൂരിൽ അനുവദിച്ച ഗവ. കോളജിന് ഇതുവരെ സ്ഥലമോ കെട്ടിടമോ ആയില്ല.

നിലമ്പൂർ ഗവ. മാനവേദൻ സ്കൂൾ വളപ്പിൽ 5 ഏക്കറിൽ കെട്ടിടം തുടങ്ങാനാണ് തീരുമാനിച്ചത്. പിന്നീട് 2020 ൽ അഞ്ചാം മൈലിൽ 5 ഏക്കർ സ്ഥലം കണ്ടെത്തി. കിഫ്ബി ഫണ്ട് അനുവദിച്ചെങ്കിലും കിട്ടിയില്ല. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായില്ല.നിലമ്പൂർ ജില്ലാ ആശുപത്രി വികസനത്തിന് യുപി സ്കൂളിന്റെ ഭൂമിയിൽ ഒരു ഭാഗം ഏറ്റെടുക്കണമെന്നു അൻവർ എംഎൽഎ നിർദേശം വച്ചിരുന്നു. എച്ച്എംസി, നഗരസഭ എന്നിവർ നടപടികളുമായി മുന്നോട്ടു പോയി. തീരുമാനം വന്നിട്ടില്ല. നിലമ്പൂർ നഗരവികസനം, റെയിൽവേ അടിപ്പാത, മലയോരപാത എന്നിവയുടെ നിർമാണം ഇഴയുകയാണ്. ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണം 4 വർഷമായി തുടങ്ങിയില്ല. 

English Summary:

Nilambur's development hangs in the balance as a political battle brews between CPM and P.V. Anwar MLA. Key projects like the Nilambur bypass, a new Government College, and improvements to the District Hospital face delays, leaving the public concerned about the future of their town.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com