ADVERTISEMENT

മലപ്പുറം∙ മലപ്പുറം ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്ലെങ്കിലും ഇടതുമുന്നണിയെ ഭരണത്തിൽനിന്നു പുറത്താക്കാൻ താൻ വിചാരിച്ചാൽ കഴിയുമെന്ന്  പി.വി.അൻവർ എംഎൽഎ. പാർട്ടി വെല്ലുവിളിച്ചാൽ അതേറ്റെടുക്കാൻ തയാറാണ്. കോഴിക്കോട്ടും പാലക്കാട്ടും ചില തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനു നഷ്ടപ്പെടും. ഇപ്പോൾ താൻ പറഞ്ഞതിൽ ഒതുങ്ങിനിൽക്കുകയാണ്. മെക്കിട്ടുകയറാൻ വന്നാൽ തിരിച്ചുപറയുമെന്നും അൻവർ മുന്നറിയിപ്പു നൽകി.  നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കണ്ട ജനപങ്കാളിത്തം വിപ്ലവത്തിന്റെ തുടക്കമാണ്.

സിപിഎമ്മിന്റെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. പാർട്ടി സെക്രട്ടറിക്കു നൽകിയ പരാതി പുറത്തുവന്നാൽ വലിയ തിരിച്ചടിയാകും. അതു പുറത്തുവിടണമോയെന്ന ആശയക്കുഴപ്പത്തിലാണ്. പാർട്ടി എവിടെവരെ പോകുമെന്നു നോക്കട്ടെ. തന്റെമേൽ വർഗീയ ചാപ്പ കുത്താൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി കള്ളനാക്കാൻ നോക്കിയതുകൊണ്ടാണ് ചിലതു തുറന്നു പറഞ്ഞത്. സഖാവ് കുഞ്ഞാലിയുടെ മണ്ണാണു നിലമ്പൂരെന്നാണ് ഇപ്പോൾ ചിലർ ഓർമിപ്പിക്കുന്നത്.

രണ്ടുതവണ ജയിച്ചുകയറിയത് കുഞ്ഞാലിയുടെ മണ്ണിൽനിന്നാണ്. എംഎൽഎ ആയതു മുതൽ നടന്ന കുഞ്ഞാലി അനുസ്മരണ പരിപാടികളിലെല്ലാം മുടങ്ങാതെ പങ്കെടുത്തു. നിലമ്പൂർ ബൈപാസിനും മണ്ഡലത്തിൽ അനുവദിച്ച പുതിയ കോളജിനും കുഞ്ഞാലിയുടെ പേരു നൽകണമെന്ന ആവശ്യം പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ചു. കുഞ്ഞാലിയുടെ പേരിൽ ഒരു വായനശാലാ മുറിയെങ്കിലും സിപിഎം ഇടപെട്ടു നിർമിച്ചു നൽകിയിട്ടുണ്ടോ എന്നു ചോദിച്ച അൻവർ, കുഞ്ഞാലിയുടെ കുടുംബത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നും ആരോപിച്ചു. 

‘സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ മറുപടി  വെളിവില്ലാത്തപോലെ’
മലപ്പുറം∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തലയ്ക്കു വെളിവില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്ന്  പി.വി.അൻവർ എംഎൽഎ. അൻവർ കള്ളക്കടത്തുകാരെ സഹായിക്കാൻ നിൽക്കുകയാണെന്നു പറഞ്ഞാൽ അങ്ങനെയാകുമോ?. സ്വർണം കൊടുത്തുവിടുന്നത് ആരാണ്, അതു കൊണ്ടുവരുന്നത് ആർക്കുവേണ്ടിയാണ് എന്ന് അന്വേഷിക്കാൻ പൊലീസിനു കഴിയുമോ?. ഇതു ചോദിക്കുമ്പോൾ ഉത്തരമില്ല. 

കക്കാടംപൊയിലിലെ തടയണ പൊളിക്കട്ടെ. അവിടെ പൊളിക്കാൻ ഒന്നുമില്ല. മൈക്രോസ്കോപ് വച്ചു കണ്ടുപിടിക്കേണ്ടിവരുമെന്നും അൻവർ പറഞ്ഞു. പിതൃതുല്യനെന്നു വിളിച്ച മുഖ്യമന്ത്രിയെ  അപമാനിക്കുന്നുവെന്ന സിപിഎം നേതാക്കളുടെ വിമർശനത്തിനു അൻവറിന്റെ മറുപടി ഇങ്ങനെ. ‘ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യം പിതാവ് ചെയ്താൽ മക്കൾ എന്തുചെയ്യും. ചിലർ പിതാവിനെ കൊന്ന് ആത്മഹത്യ ചെയ്യും, ചിലർ നാടുവിടും. ഞാൻ എന്താണു ചെയ്തതെന്ന് നിങ്ങൾ ആലോചിച്ചാൽ മതി’.

English Summary:

Indian National Congress MLA P.V. Anwar has sparked political controversy in Kerala with strong statements against the ruling Left Democratic Front (LDF) and Chief Minister Pinarayi Vijayan. Anwar claims he can single-handedly defeat the LDF in Malappuram and criticizes their handling of the gold smuggling case and treatment of former MLA Kunhalikutty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com