സയൻസ് പാർക്ക് ഉടൻ സജ്ജമാക്കുമെന്ന് മന്ത്രി; നിർമാണത്തിലെ തടസ്സങ്ങൾ നീക്കാൻ സന്ദർശനം
Mail This Article
പരപ്പനങ്ങാടി ∙ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റേറിയം വേഗത്തിൽ പ്രവർത്തന സജജമാക്കുമെന്ന് മന്ത്രി ആർ.ബിന്ദു. ചീർപ്പിങ്ങലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നിർമിക്കുന്ന സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റേറിയത്തിന്റെ തുടർ പ്രവൃത്തിയിലുള്ള തടസ്സങ്ങൾ നീക്കുന്നതിന്റെ ഭാഗമായി സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. കെട്ടിടത്തിലേക്ക് ജലനിധി മാർഗം വെള്ളം ലഭ്യമാക്കി. വൈദ്യുതീകരണത്തിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെ സുരക്ഷാ ജീവനക്കാരെ നിയമിക്കും. ശേഷിക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് സയൻസ് പാർക്കും വാന നിരീക്ഷണ കേന്ദ്രവും തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
കീരനല്ലൂർ ന്യൂകട്ടിൽ വീതിയേറിയ പുതിയ പാലം നിർമാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡ് നിർമിക്കുന്നതിന്റെ സാങ്കേതിക തടസ്സങ്ങൾ പരിശോധിക്കുന്നതിനായാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. പുതിയ പാലം നിർമിക്കാൻ 20.9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിനോട് ചേർന്ന് നിർമിക്കുന്ന അപ്രോച്ച് റോഡ് സയൻസ് പാർക്കിന്റെ സ്ഥലത്തു കൂടിയാണ് നിർമിക്കുന്നത്. ഇതിനായി സയൻസ് പാർക്കിന്റെ 15 സെന്റിലേറെ സ്ഥലം വിട്ടു നൽകേണ്ടതുണ്ട്. ഇതിന് എൻഒസി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി സന്ദർശിച്ചത്.
റവന്യു മന്ത്രിയുടെയും മരാമത്ത് മന്ത്രിയുടെയും നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ഉടൻ യോഗം നടക്കും. ഇതിൽ കൃത്യമായ വിവരങ്ങൾ അറിയിക്കുന്നതിനായാണ് സന്ദർശിച്ചതെന്ന് മന്ത്രി പറഞ്ഞു. കെട്ടിട നിർമാണം പൂർത്തിയായ ശേഷം തുടർ പ്രവൃത്തികളൊന്നും നടന്നിരുന്നില്ല. ഇതേ തുടർന്ന് കെ.പി.എ.മജീദ് എംഎൽഎയുടെയും മന്ത്രിയുടെയും നേതൃത്വത്തിൽ മൂന്നിലേറെ തവണ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം സന്ദർശിച്ചത്. നിലവിൽ ഒരു കോടിയിലേറെ രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ചുറ്റുമതിലും കെട്ടിടത്തിൽ ഗാലറിയും നിർമിക്കും. പ്ലാനറ്റേറിയം ഉപകരണങ്ങൾ വാങ്ങുന്നതിനായി 7 കോടിയോളം രൂപ ചെലവ് വരും. ഇതിനായി 11 കോടി ബജറ്റിൽ വകയിരുത്തുന്നതിനായി നൽകിയിട്ടുണ്ട്.
യോഗത്തിൽ കെ.പി.എ.മജീദ് എംഎൽഎ, പി.കെ.അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി.ഷാഹുൽ ഹമീദ്, ഉപാധ്യക്ഷ കെ.ഷഹർബാൻ, ഉന്നത വിദ്യാഭ്യാസ ഡയറക്ടർ എം.എസ്.സോജു, അസിസ്റ്റന്റ് ഡയറക്ടർ സുന്ദർലാൽ, നഗരസഭ കൗൺസിലർമാരായ കൂളത്ത് അബ്ദുൾ അസീസ്, സി.നിസാർ അഹമ്മദ്, തുടിശ്ശേരി കാർത്തികേയൻ, പി.കെ.അബ്ദുൽ അസീസ്, കെ.ടി.ബാബുരാജ്, പഞ്ചായത്തംഗം നടുത്തൊടി മുസ്തഫ, വിനോദ്, നൗഷാദ് അലി, നാസർ മണ്ണിൽ, തയ്യിൽ അലവി, സി.അബ്ദുറഹ്മാൻകുട്ടി, സി.ടി.നാസർ, പാലക്കണ്ടി വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.