ADVERTISEMENT

മലപ്പുറം∙ ന്യൂനപക്ഷ സമുദായങ്ങളിൽ ഇടതുപക്ഷ വിരുദ്ധമായ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണു മുസ്‌ലിം ലീഗ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ മതനിരപേക്ഷ ചിന്താഗതിയുള്ളവരാണ്. ആ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി മുസ്‌ലിം വോട്ട് ബാങ്ക് ഉണ്ടാക്കാനുള്ള ശ്രമമാണു നടത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‌ലാമി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നിവരുമായി കൂട്ടായ്മയുണ്ടാക്കി വോട്ട് സമാഹരണം നടത്തുന്ന പതിവ് മുസ്‌ലിം ലീഗ് തുടരുന്നുണ്ട്. ഇത്തരത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടു കാലേകൂട്ടി തെറ്റായ രൂപത്തിൽ കാര്യങ്ങളെ വ്യാഖ്യാനിക്കുകയാണു ലീഗെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പി.വി.അൻവർ കമ്യൂണിസ്റ്റ് വിരുദ്ധരുടെ കയ്യിലെ ആയുധമാണ്. നിലവിൽ അദ്ദേഹം നടത്തിയ പ്രസ്താവനകളുടെയെല്ലാം പൊതുചിത്രം നോക്കിയാൽ യുഡിഎഫിന്റെയും ലീഗിന്റെയും പിൻപാട്ടുകാരനായി അകമ്പടി പോകുന്ന കാഴ്ചയാണ്. അദ്ദേഹം പുതിയ പാർട്ടി ഉണ്ടാക്കിയാൽ സിപിഎമ്മിനു ഭയമില്ല. നിലമ്പൂർ അൻവറിന്റെ സ്ഥലമല്ല, കുഞ്ഞാലിയുടെ സ്ഥലമാണ്. യുഡിഎഫിനു ഗുണമുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് അൻവർ ഇപ്പോൾ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പ്രവർത്തനത്തെ സംബന്ധിച്ചു പാർട്ടിക്ക് അഭിപ്രായ വ്യത്യാസമില്ല. പി.വി.അൻവർ പി.ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതകളുടെ അടിസ്ഥാനമില്ല. അതുകൊണ്ടുതന്നെ പാർട്ടിക്ക് നടപടി എടുക്കാൻ കഴിയില്ല. ഹിന്ദു പത്രത്തിൽ വന്ന അഭിമുഖത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. പിആർ ഏജൻസി എന്നു പറഞ്ഞാൽ അന്യരാജ്യത്തിൽനിന്നുവന്നു നമ്മുടെ രഹസ്യം ചോർത്തുന്നവരാണോ? സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആർഎസ്എസുകാരനാണെന്നു പറഞ്ഞാൽ അത് ഈ ജില്ലയിലെ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

CPI(M) Politburo member A. Vijayaraghavan has accused the Muslim League of deliberately spreading misinformation among minority communities in Malappuram, aiming to secure a vote bank. He criticized the League's alliance with parties like Jamaat-e-Islami and SDPI for electoral gains.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com