കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണം നാളെ
Mail This Article
വണ്ടൂർ∙ കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണം നാളെ വണ്ടൂരിൽ നടക്കും. കഥകളിയിലെ രൗദ്ര, താമസ വേഷങ്ങൾക്ക് മിഴിവേകി അവയ്ക്ക് തനതായ വ്യക്തിത്വം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഓർമയായിട്ട് മൂന്ന് വർഷം തികയുകയാണ്. സ്വദേശമായ വണ്ടൂരിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.
വണ്ടൂരിലെ പൗരാവലിയും കഥകളി ആസ്വാദകരും അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്ന് എല്ലാ വർഷവും അദ്ദേഹത്തിന്റെറെ ഓർമ 'നെല്ലിയോട് അനുസ്മരണം' എന്ന പേരിൽ നടത്തിവരുന്നു. ഈവർഷത്തെ നെല്ലിയോട് അനുസ്മരണം 2024 അദ്ദേഹത്തിന്റെ ഓർമദിനമായ ഒാഗസ്റ്റ് രണ്ടിന്, നടത്താനായി തീരുമാനിച്ചതായിരുന്നു. എന്നാൽ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് തൽക്കാലം മാറ്റിവെക്കേണ്ടതായി വന്നു. നെല്ലിയോട് അനുസ്മരണവും പുരസ്ക്കാര സമർപണവും വണ്ടൂർ, സി.എച്ച്. ഹാളിൽ നാളെ നടത്തുകയാണ്.
കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ആയ കലാമണ്ഡലം എം.പി.എസ് നമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുൻ സാംസ്ക്കാരിക വകുപ്പുമന്ത്രിയും വണ്ടൂർ എം.എൽ.എ.യുമായ എ. പി അനിൽകുമാറിന്റെ വിശിഷ്ടസാന്നിധ്യത്തിൽ കൊൽക്കത്ത, വിശ്വഭാരതി സർവ്വകലാശാല മുൻ പ്രിൻസിപ്പൽ കലാമണ്ഡലം ശങ്കരനാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും.
നെല്ലിയോടിന്റെ ശിഷ്യർ ഏർപ്പെടുത്തിയ ആടോപതാണ്ഡവം പുരസ്കാരം ഈ വർഷം പ്രസിദ്ധ കഥകളി കലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്, തുഞ്ചത്ത് എഴുത്തച്ഛൻ, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ, ഡോ. അനിൽ വള്ളത്തോൾ സമർപ്പിക്കും. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രസിദ്ധ കഥകളി കലാകാരനായ പീശപ്പിള്ളി രാജീവ് നെല്ലിയോട് അനുസ്മരണ പ്രഭാഷണം നടത്തും. കലാമണ്ഡലം എം.പി.എസ് നമ്പൂതിരി എഴുതിയ കഥ + കളി = കഥകളി എന്ന പുസ്തകം ഡോ. അനിൽ വള്ളത്തോൾ, മരനാട്ട് മോഹനൻ നമ്പൂതിരിപ്പാടിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും. പ്രസിദ്ധ കഥകളി നടൻ പീശപ്പിള്ളി രാജീവ്, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനെ പരിചയപ്പെടുത്തി സംസാരിക്കും. തുടർന്ന് കേരളകലാമണ്ഡലം മേജർസെറ്റ് അവതരിപ്പിക്കുന്ന നിഴൽക്കുത്ത് കഥകളിയും ഉണ്ടായിരിക്കും.