സ്വന്തം പാർട്ടി: അൻവർ ലക്ഷ്യമിടുന്നത് സിപിഎം അനുകൂല ന്യൂനപക്ഷ വോട്ട്
Mail This Article
മലപ്പുറം ∙ സിപിഎമ്മിനെതിരായ തുറന്ന യുദ്ധത്തിന്റെ ഭാഗമായാണു പി.വി.അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെങ്കിലും അതു കോൺഗ്രസിനും മുസ്‌ലിം ലീഗിനും ചെറിയ രീതിയിലെങ്കിലും അലോസരം സൃഷ്ടിക്കുമെന്നു വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കുമെന്നറിയിച്ചെങ്കിലും അൻവറിന്റെ സ്വാധീന മേഖല മലപ്പുറം ജില്ലയും മലബാർ മേഖലയുമാണ്. പിണറായി വിജയനെ നേർക്കുനേർ വെല്ലുവിളിച്ച പോരാളിയെന്ന പ്രതിച്ഛായ സിപിഎം വിരുദ്ധ വോട്ടുകൾ ചെറിയ തോതിലെങ്കിലും ആകർഷിക്കാൻ അൻവറിനെ സഹായിക്കും. ഉന്നത രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അൻവർ നിരന്തരം പറയുന്നതു ചിലതു മനസ്സിൽ കണ്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം സ്വാധീന മേഖലയിലെങ്കിലും ചലനമുണ്ടാക്കുക, നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിന്റെ ഭാഗമാകുക എന്നതാണ് അൻവറിനു മുന്നിലുള്ള വഴി.
സിപിഎം അനുകൂല ന്യൂനപക്ഷ വോട്ടുകൾ തന്നെയാണ് അൻവർ പ്രധാനമായും ലക്ഷ്യമിടുന്നത്. സിപിഎം സംഘടനാ സംവിധാനത്തിൽ വിള്ളലുണ്ടാക്കുക എളുപ്പമാകില്ല. എന്നാൽ, അനുഭാവി വോട്ടുകൾ വൻതോതിൽ ആകർഷിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. പരമ്പരാഗതമായി സിപിഎമ്മിനോടു ചേർന്നു നിൽക്കുന്ന ചില സംഘടനകളുടെ വോട്ട് അൻവർ പ്രതീക്ഷിക്കുന്നു. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഈ സംഘടനകൾക്കത്തു കുറച്ചുകാലമായുള്ള വികാരമാണ് അൻവർ പുറത്തു പറയുന്നത്.
കിഴക്കൻ ഏറനാട്ടിലെങ്കിലും ലീഗണികൾക്കിടയിൽ അൻവറിനെതിരായ വികാരമുണ്ട്. അതിനാൽ, ലീഗിൽനിന്നു വലിയ തോതിൽ പ്രവർത്തകരെ ആകർഷിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന സമരങ്ങൾക്കു തീവ്രത പോരെന്ന നിലപാടുള്ള ചെറു വിഭാഗത്തെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒത്തുതീർപ്പ് രാഷ്ട്രീയത്തെക്കുറിച്ച് അൻവർ ഇടയ്ക്കിടെ പറയുന്നത്. കോൺഗ്രസിലും ഡിഐസിയിലും സജീവമായിരുന്ന കാലത്തെ ബന്ധങ്ങൾ അൻവർ ഇപ്പോഴും സജീവമാക്കി നിലനിർത്തുന്നുണ്ട്. കോൺഗ്രസിൽനിന്നു പ്രാദേശിക നേതാക്കൾ അൻവറിനൊപ്പം ചേർന്നാലും അദ്ഭുതപ്പെടേണ്ടതില്ല.
നിലമ്പൂർ നഗരസഭയുൾപ്പെടെ, നിലമ്പൂർ മണ്ഡലത്തിനു കീഴിൽ വരുന്ന 4 തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് ഭരണം കൊണ്ടുവരുന്നതിൽ അൻവർ വഹിച്ച പങ്ക് സിപിഎം പോലും അംഗീകരിക്കും. പാർട്ടിയുടെ സംഘടനാ സംവിധാനം പിന്നിലില്ലാതെ ഇത് ആവർത്തിക്കാനാകുമോയെന്നു കണ്ടറിയണം. കെ.ടി.ജലീൽ ഉൾപ്പെടെയുള്ള സ്വതന്ത്രർ പിന്തുണയ്ക്കാനില്ലാത്തതു തിരിച്ചടിയാകില്ലെന്ന വിലയിരുത്തലിലാണ് അൻവർ. വന്യജീവി പ്രശ്നം മുൻനിർത്തി മലയോര കർഷകരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം വിജയിച്ചാൽ അൻവറിനു ജില്ലയിലെങ്കിലും രാഷ്ട്രീയ ചലനമുണ്ടാക്കാനാകും.
അതേസമയം, അൻവർ ആവശ്യപ്പെട്ടാൽ മാത്രം സ്ഥാനം ഒഴിഞ്ഞാൽ മതിയെന്നു പഴ്സനൽ സ്റ്റാഫിലെ പാർട്ടി നോമിനികൾക്ക് സിപിഎം നിർദേശം നൽകി. നിലവിൽ പാർട്ടി നിർദേശിച്ച 2 പേരാണ് പഴ്സനൽ സ്റ്റാഫിലുള്ളത്. അൻവർ എംഎൽഎ ഇടതുബന്ധം വിട്ട സാഹചര്യത്തിൽ ജോലിയിൽ തുടരുന്നതു സംബന്ധിച്ച് നോമിനികൾ അഭിപ്രായം തേടിയപ്പോഴാണ് പാർട്ടി മറുപടി നൽകിയത്.
‘പാർട്ടി രൂപീകരിക്കാൻ ആവശ്യമെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കും’
മലപ്പുറം∙ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ നിയമപരമായി തടസ്സമാകുമെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു പി.വി.അൻവർ. 6ന് മഞ്ചേരിയിൽ നടക്കുന്ന റാലിയിൽ പാർട്ടിയുടെ പേരും നയരേഖയും പ്രഖ്യാപിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും നയരേഖയ്ക്ക് അന്തിമ രൂപം നൽകുകയെന്ന് അൻവർ പറഞ്ഞു.