ഇതര സംസ്ഥാനക്കാരിയായ 5 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ഒഡിഷ സ്വദേശി അറസ്റ്റിൽ
Mail This Article
നിലമ്പൂർ ∙ അതിഥിത്തൊഴിലാളിയുടെ മകളായ 5 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ ഒഡിഷ സ്വദേശി പിടിയിൽ. ഒഡിഷ ജലേശ്വറിലെ എസ്.കെ.അലി ഹുസനെ (റോബിൻ) ആണ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. നിലമ്പൂർ നഗരത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരിചയക്കാരനും അയൽവാസിയും ആണ് അലി ഹസൻ. പലഹാരം നൽകാമെന്നു പറഞ്ഞ് പ്രതി കുട്ടിയെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അതിക്രമം നടത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാവിനോട് വിവരം പറഞ്ഞു. സമീപവാസികൾ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്യൂട്ടി ഡോക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചപ്പോഴേക്കും പ്രതി താമസസ്ഥലത്തുനിന്ന് മുങ്ങിയിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പാേൾ പ്രതി പ്രദേശം വിട്ടിട്ടില്ലെന്നു വ്യക്തമായി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രാത്രി 11ന് സമീപത്തെ ആക്രിക്കടയുടെ പരിസരത്ത് തകരഷീറ്റുകൾക്കിടയിൽ പതുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. എഎസ്ഐ സുധീർ, എസ്‌സിപിഒമാരായ അജിത്ത്, വിവേക് സി.വി.കാപ്പിൽ, ജിതീഷ്, രമേശ്, മാധവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ വിചാരണ നടത്തി വിധി പ്രഖ്യാപിക്കും വരെ ജയിലിൽ പാർപ്പിക്കാൻ കോടതിക്ക് അപേക്ഷ നൽകുമെന്ന് അധികൃതർ പറഞ്ഞു.