സ്‍ലൊവാക്യയുടെ ആകാശത്ത് മൂവർണപ്പട്ടം
Mail This Article
തിരൂർ∙ കഴിഞ്ഞ ദിവസം സ്‍ലൊവാക്യയുടെ ആകാശത്ത് ഒരു കൂട്ടം പട്ടങ്ങൾ പറന്നു. അതിലൊന്നിന് ഇന്ത്യൻ ദേശീയ പതാകയുടെ മൂവർണ നിറമായിരുന്നു. ആ പട്ടത്തിന്റെ നൂൽ പിടിച്ചിരുന്നത് ഒരു മലയാളിയും– ഷഹീർ മണ്ണിങ്ങൽ. ഫുട്ബോൾ പ്രേമികളുടെ ആവേശമായി മാറിയ മലപ്പുറം എഫ്സിയുടെ ജഴ്സി ധരിച്ചായിരുന്നു ഷഹീറിന്റെ പട്ടം പറത്തൽ.സ്‍ലൊവാക്യയിൽ പ്രഥമ ഇന്റർനാഷനൽ കൈറ്റ് അസംബ്ലിയിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു വൺ ഇന്ത്യ കൈറ്റിൽനിന്ന് കോട്ടയ്ക്കൽ സ്വദേശി ഷഹീർ പങ്കെടുത്തത്. റുമാനിയ, പോളണ്ട്, ഹംഗറി, തുർക്കി, സ്‍ലൊവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും അസംബ്ലിയിൽ പങ്കെടുത്തിരുന്നു.
2 ദിവസങ്ങളിലാണു പട്ടം പറത്തൽ ഫെസ്റ്റിവൽ നടന്നത്. ആദ്യ ദിനം ഷണവോക് ബ്രൂസ് എന്ന സ്ഥലത്തായിരുന്നു പട്ടം പറത്തൽ. അവിടെ വലിയ കാറ്റുണ്ടായിരുന്നില്ല. സീറോ വിൻഡ് കൈറ്റ് കൊണ്ടുപോയിരുന്നതിനാൽ കാറ്റില്ലാതിരുന്നിട്ടും ഷഹീറിനു പട്ടം പറത്താൻ സാധിച്ചു. രണ്ടാം ദിനം പ്രെവിഡ്സ വിമാനത്താവളത്തിലായിരുന്നു പട്ടം പറത്തൽ. സ്ഥിരമായി കാറ്റു വീശിയിരുന്ന ഇവിടെ 3 മണിക്കൂർ നേരമാണു ഷഹീർ പട്ടം പറത്തിയത്. ഷഹീറിന്റെ പട്ടത്തിന് ഒരു ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടായിരുന്നു. ഇതു സ്വന്തമായി രൂപകൽപന ചെയ്തതാണ്.
കൈറ്റ് അസംബ്ലി നടക്കുന്ന വിവരമറിഞ്ഞ് പ്രെവിഡ്സയിലെ കുട്ടികൾ അടക്കമുള്ളവർ പട്ടം പറത്തുന്നതു കാണാൻ എത്തിയിരുന്നു. ഇവരെ ഷഹീർ അടക്കമുള്ളവർ വലിയ പട്ടം പറത്തുന്ന രീതി പഠിപ്പിച്ചു. അവിടെ നടന്ന ചടങ്ങിൽ രാജ്യാന്തര താരങ്ങളെല്ലാം മലപ്പുറം എഫ്സിയുടെ ജഴ്സി അണിഞ്ഞ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ചൈനയിലെ പട്ടംപറത്തൽ മത്സരത്തിലും ഷഹീർ അടക്കമുള്ള ആറംഗ സംഘം ഇന്ത്യയിൽനിന്നു പങ്കെടുത്തിരുന്നു.