ചന്ദ്രലേഖയ്ക്ക് 58–ാം വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റം
Mail This Article
കരുവാരകുണ്ട് ∙ നൃത്തകലയിലുള്ള അഭിനിവേശം കെടാതെ കാത്ത് അൻപത്തിയെട്ടാം വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റം നടത്തി ചന്ദ്രലേഖ. കഴിഞ്ഞ ദിവസം തുവ്വൂർ ചെമ്മന്തട്ട വിഷ്ണുക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ചെറുപ്പംതൊട്ടേ നൃത്തകലകളിൽ അതീവ താൽപര്യം ഉണ്ടായിരുന്ന ചന്ദ്രലേഖയ്ക്ക് സംഗീതാധ്യാപിക ആവാനായിരുന്നു നിയോഗം. പത്താം ക്ലാസ് കഴിഞ്ഞ് പാലക്കാട് ചെമ്പൈ സംഗീത കോളജിൽ ചേർന്ന് ഗാനഭൂഷണം വിജയിച്ചു. വിവിധ സ്ഥാപനങ്ങളിൽ സംഗീതാധ്യാപികയായി ജോലിനോക്കുമ്പോഴും നൃത്തകലയോടുള്ള താൽപര്യം മനസ്സിലുണ്ടായിരുന്നു. എന്നാൽ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നൃത്തപഠനത്തിന് അവസരം കിട്ടിയില്ല. ഒടുവിൽ 3 വർഷം മുൻപാണ് നൃത്താധ്യാപിക അനുഷ പണിക്കരുടെ തപസ്യ കലാകേന്ദ്രത്തിൽ നൃത്തം പഠിക്കാൻ ചേരുന്നത്. സമയം കണ്ടെത്താൻ രാത്രിയിൽപോലും നൃത്താഭ്യാസനം നടത്തി. കുട്ടികൾക്കൊപ്പമായിരുന്നു മിക്കപ്പോഴും പഠനം.
ദിവസം നാലും അഞ്ചും മണിക്കൂർ മോഹിനിയാട്ടം അഭ്യസിക്കാൻ സമയം നീക്കിവച്ചു. ശാരീരിക വിഷമതകൾപോലും മറന്നായിരുന്നു പഠനം. ഒടുവിൽ പഠിച്ചപാഠങ്ങളെല്ലാം അരങ്ങേറ്റവേദിയിൽ ചുവടുകളായപ്പോൾ കണ്ടുനിന്നവർ കയ്യടിച്ചു. ലാസ്യനൃത്തത്തിന്റെ പൊരുളറിഞ്ഞ അവതരണമെന്ന് കാഴ്ചക്കാരും സാക്ഷ്യപ്പെടുത്തി.തുവ്വൂർ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന പുത്തൻപിഷാരത്തിൽ സന്തോഷ്കുമാറിന്റെ ഭാര്യയാണ് ചന്ദ്രലേഖ. സംഗീതത്തിൽ കഴിവു തെളിയിച്ച ഏക മകൾ അഞ്ജലി കുടുംബത്തോടൊപ്പം ദുബായിലാണു താമസം.