അളയ്ക്കൽ നഗറിലേക്കു റോഡില്ല; ഉൾക്കാട്ടിൽ 33 ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
Mail This Article
വഴിക്കടവ് ∙ റോഡ് തകർന്നതോടെ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വനത്തിനുള്ളിലെ അളയ്ക്കൽ ആദിവാസി നഗറിലേക്കുള്ള റോഡാണ് പൂർണമായും തകർന്നത്. ഇന്നലെ ആദിവാസികൾക്ക് വൈദ്യസഹായം നൽകാനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് അവിടേക്ക് എത്താൻ കഴിയാതെ മടങ്ങുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെത്തിയ ജീപ്പ് റോഡിലെ കിടങ്ങിൽ ചാടി കയറ്റുന്നതിനിടയിൽ 2 തവണ നിയന്ത്രണംവിട്ട് മറിയാനായി. സംഘത്തിനൊപ്പമുണ്ടായിരുന്ന തണ്ടർബോൾട്ട് കമാൻഡോകളാണ് ജീപ്പ് താങ്ങി നിർത്തിയത്.
ജനവാസ കേന്ദ്രത്തിൽനിന്നു 12 കിലോമീറ്ററോളം അകലെയുള്ള നഗറിലേക്ക് കാട്ടുപാത കഴിഞ്ഞ് 4.5 കിലോമീറ്ററോളം ദൂരം പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി തോട്ടത്തിനുള്ളിലെ റോഡിലൂടെ വേണം യാത്ര ചെയ്യാൻ. തോട്ടത്തിനുള്ളിലെ റോഡാണ് മണ്ണിടിച്ചിൽ മൂലം തകർന്നത്. ഇരുചക്രവാഹനം പോലും ഓടിക്കാൻ കഴിയാത്ത വിധം റോഡ് നിറയെ കിടങ്ങുകളാണ്. പ്രാക്തന ഗോത്രമായ ചോലനയ്ക്കർ വിഭാഗത്തിൽപ്പെട്ട 33 കുടുംബങ്ങളാണ് അളയ്ക്കലിൽ താമസിക്കുന്നത്. ആർക്കെങ്കിലും രോഗം വന്ന് അത്യാസന്ന നിലയിലായാൽപോലും റോഡ് യാത്രായോഗ്യമല്ലാതായതിനാൽ ആശുപത്രിയിലെത്തിക്കാൻ നിർവാഹമില്ല. റോഡ് നന്നാക്കാൻ പ്ലാന്റേഷൻ അധികൃതരോ പഞ്ചായത്തോ തയാറാകുന്നില്ല.